‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച നടത്തില്ല. കഴിഞ്ഞ ഒരു വർഷമായി അഞ്ചുതവണ താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ മാപ്പുനൽകാമെന്ന് ഹെർസോഗ് വാഗ്ദാനം നൽകിയിരുന്നുവെന്നും, എന്നാൽ ഇതുവരെയും പാലിച്ചില്ലെന്നും ട്രംപ് വിമർശിച്ചു.
നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിലെ സിഗാറുകളെയും ഷാംപെയ്‌നുകളെയും കുറിച്ച് ആര് ശ്രദ്ധിക്കുന്നുവെന്ന് ട്രംപ് ചോദിച്ചു. 2025 ജൂൺ മുതൽ ട്രംപ് നെതന്യാഹുവിനായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ട്രംപിന്റെ രൂക്ഷമായ വിമർശനങ്ങളോട് പക്വമായ രീതിയിലാണ് ഇസ്രയേൽ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചത്. ഡൊണാൾഡ് ട്രംപിനെ സ്വതന്ത്ര ലോകത്തിന്റെ നേതാവായും ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായും ഹെർസോഗ് ബഹുമാനിക്കുന്നു എന്ന് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, മാപ്പുനൽകുന്ന കാര്യത്തിൽ പുറത്തുനിന്നുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ നിയമവാഴ്ചയുള്ള ഒരു പരമാധികാര രാജ്യമാണ്. മാപ്പിനായുള്ള അപേക്ഷ ഇപ്പോൾ നീതിന്യായ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിയമപരമായ പ്രക്രിയകൾ പൂർത്തിയായ ശേഷം, രാജ്യത്തിന്റെ നന്മയും മനസ്സാക്ഷിയും മുൻനിർത്തി ആരുടെയും സമ്മർദമില്ലാതെ തന്നെയായിരിക്കും അന്തിമ തീരുമാനമെന്നും ഹെർസോഗിന്റെ ഓഫീസ് അറിയിച്ചു.