04/03/2026
[fontresizer_tawhidurrahmandear_widget]

‘ഗൾഫ് രാജ്യങ്ങൾക്ക് യുക്രെയ്ൻ സംരക്ഷണമൊരുക്കാം; പുടിനോട് യുദ്ധം നിർത്താൻ പറയണം’-ജിസിസി നേതാക്കളോട് സെലൻസ്‌കി

 ‘ഗൾഫ് രാജ്യങ്ങൾക്ക് യുക്രെയ്ൻ സംരക്ഷണമൊരുക്കാം; പുടിനോട് യുദ്ധം നിർത്താൻ പറയണം’-ജിസിസി നേതാക്കളോട് സെലൻസ്‌കി

കീവ്: ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കിടെ ഗൾഫ് രാജ്യങ്ങൾക്ക് സഹായ വാഗ്ദാനവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി. ഇറാൻ നിർമിത ആയുധങ്ങളെ പ്രതിരോധിക്കുന്നതിൽ യുക്രെയ്‌ന്റെ പരിചയസമ്പത്ത് ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരെ രക്ഷിക്കാൻ ഉപയോഗിക്കാമെന്ന് അദ്ദേഹം ജിസിസി നേതാക്കളോട് വ്യക്തമാക്കി. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് വെടിനിർത്തലിനു തയാറാകാൻ പറയണമെന്ന ആവശ്യവും സെലൻസ്‌കി മുന്നോട്ടുവച്ചിട്ടുണ്ട്.

ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം ആഗോളതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. റഷ്യ ഇതേ ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്‌നെ ആക്രമിക്കുന്നത്. അതിനാൽ ഈ ആയുധങ്ങളെ തടയാനുള്ള സാങ്കേതികവിദ്യയും അനുഭവസമ്പത്തും ഗൾഫ് രാജ്യങ്ങൾക്ക് കൈമാറാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

പുടിനോടുള്ള മൃദുസമീപനം ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു. റഷ്യയുമായുള്ള അടുപ്പം ഉപേക്ഷിക്കണമെന്നും യുദ്ധം നിർത്താൻ പുടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം നിബന്ധന വെച്ചു. റഷ്യയ്ക്ക് അനുകൂലമായ നിലപാടുകളിൽനിന്ന് ജിസിസി രാഷ്ട്രങ്ങൾ പിന്മാറണമെന്നും റഷ്യൻ പ്രതിരോധ മേഖലയുമായുള്ള സഹകരണം നിർത്തണമെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.

ഇറാന്റെ പ്രത്യാക്രമണത്തിൽ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ മിസൈലുകളും ഡ്രോണുകളും പതിച്ചുകൊണ്ടിരിക്കുകയാണ്. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ, വ്യോമപ്രതിരോധം ശക്തമാക്കേണ്ടത് ഗൾഫ് രാഷ്ട്രങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. തങ്ങളുടെ ശത്രുവായ റഷ്യയുടെ ഉറ്റ സഖ്യകക്ഷിയായ ഇറാന്റെ ആയുധശേഖരത്തെ തകർക്കാൻ ഗൾഫ് രാജ്യങ്ങളുമായുള്ള സഹകരണം ഗുണകരമാകുമെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടുന്നത്.

Also read: