19/04/2026
[fontresizer_tawhidurrahmandear_widget]

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ടു വയസ്സുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

 തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ടു വയസ്സുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊ–ജോൺസി ദമ്പതികളുടെ മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ (10) ഗുരുതരാവസ്ഥയിൽ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്. അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആൽജോയും അൻജോയും. പുലർച്ചെ രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ട് കുട്ടികൾ ഉണർന്നിരുന്നു. തലേദിവസം പുറത്തുപോയി വന്നശേഷം ജ്യൂസ് കുടിച്ചിരുന്നതിനാൽ, ഇത് ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പുലർച്ചെ 5.30-ഓടെ കുട്ടികൾ അവശനിലയിലായതോടെ ആംബുലൻസ് മാർഗ്ഗം ഉടൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൽജോ മരണത്തിന് കീഴടങ്ങിയിരുന്നു.

ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ പാമ്പിനെ കണ്ടെത്തിയത്. ആൽജോയുടെ ചുണ്ടിലാണ് പാമ്പ് കടിച്ചതെന്ന് സംശയിക്കുന്നു. കടമ്പോട് എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽജോ. സംഭവസമയത്ത് ഇവരുടെ സഹോദരി എയ്ഞ്ചൽ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിൽ ആയിരുന്നു.

Also read: