ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി
ദിക്ഷല്‍
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷല്‍ ആണ് മരിച്ചത്.കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കുട്ടിയെ ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
കുട്ടി കിടന്ന മുറിയിൽനിന്നും മൂർഖൻ പാമ്പിനെ നാട്ടുകാർ പിടികൂടി. ഈ പാമ്പാണ് കടിച്ചതെന്നാണ് സൂചന. ദിക്ഷലിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.