30/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ; യുക്രെയ്‌ന്റെ ധാന്യം കടത്തിയെന്ന് ആരോപണം

 ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ; യുക്രെയ്‌ന്റെ ധാന്യം കടത്തിയെന്ന് ആരോപണം

ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. റഷ്യ അധിനിവേശം നടത്തിയ യുക്രെയ്‌നിയൻ തുറമുഖങ്ങളിൽനിന്നാണ് ഈ ധാന്യങ്ങൾ കയറ്റിയതെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ കരിമ്പട്ടികയിൽപെടുത്തിയ റഷ്യൻ കപ്പലുകൾക്ക് ഇസ്രയേൽ അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ കമ്മീഷൻ വക്താക്കൾ വ്യക്തമാക്കി.

നേരത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കിയും ഈ വിഷയത്തിൽ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. മോഷ്ടിച്ച ധാന്യങ്ങൾ വാങ്ങുന്നത് തുടർന്നാൽ ഇസ്രയേലിന് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ, ആരോപണങ്ങളെ ഇസ്രയേൽ തള്ളിക്കളയുകയാണു ചെയ്തത്. തങ്ങൾ ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങൾ നിയമാനുസൃതമാണെന്നും റഷ്യ യുക്രെയ്‌നിയൻ ധാന്യം മോഷ്ടിച്ചുവെന്നതിന് യുക്രെയ്‌നോ യൂറോപ്യൻ യൂണിയനോ കൃത്യമായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം.

ഇസ്രയേൽ തങ്ങളുടെ നിലപാട് തിരുത്തിയില്ലെങ്കിൽ കടുത്ത സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി അറിയിച്ചു. റഷ്യയുടെ യുദ്ധതാൽപര്യങ്ങളെ സഹായിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ രാജ്യങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും ഇ.യു വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ഇസ്രയേലിനെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തും. പശ്ചിമേഷ്യയിൽ ഇസ്രയേൽ നേരിടുന്ന യുദ്ധപ്രതിസന്ധികൾക്കിടയിൽ യൂറോപ്പിൽനിന്നുള്ള ഈ നീക്കം ബെഞ്ചമിൻ നെതന്യാഹു സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

Also read: