17/04/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച് ആ നീക്കം ഞാൻ തടഞ്ഞു-ഹിലരി ക്ലിന്റൺ

 ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച് ആ നീക്കം ഞാൻ തടഞ്ഞു-ഹിലരി ക്ലിന്റൺ

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും ഹിലരി പറഞ്ഞു.

അമേരിക്കൻ ചാനലായ ‘എംഎസ് നൗ’വിന് നൽകിയ അഭിമുഖത്തിലാണ് അഭിമുഖത്തിലാണ് ഹിലരി തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് നെതന്യാഹുവുമായി നടത്തിയ നീണ്ട ചർച്ചകളെക്കുറിച്ച് ഹിലരി ഓർത്തെടുത്തു. ഇറാനുമായി ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ, തുറന്ന യുദ്ധത്തിന് പോകാൻ നെതന്യാഹു ആഗ്രഹിച്ചിരുന്നതായി ഹിലരി പറഞ്ഞു. ‘സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് നെതന്യാഹുവുമായും അദ്ദേഹത്തിന്റെ വാർ ക്യാബിനറ്റുമായും ഞാൻ മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. ഇറാനെതിരെ എന്തെങ്കിലും ചെയ്യണമെന്നല്ലാതെ, കൃത്യമായ എക്‌സിറ്റ് പ്ലാനോ വ്യക്തമായ ലക്ഷ്യങ്ങളോ ഇല്ലാത്ത അദ്ദേഹത്തിന്റെ ആഗ്രഹത്തിന് കൂട്ടുനിൽക്കാൻ ഞാൻ വിസമ്മതിച്ചു. ഓരോ അമേരിക്കൻ പ്രസിഡന്റിനെയും ഇതിനായി നെതന്യാഹു സമീപിച്ചിരുന്നു,’ ഹിലരി വെളിപ്പെടുത്തി.

ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ആരും തന്നോട് പറഞ്ഞില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ ഹിലരി പരിഹസിച്ചു. ‘ഞാൻ പങ്കെടുത്ത ഓരോ ‘വാർ ഗെയിമിലും’ (യുദ്ധസാധ്യതാ പഠനം) ഇറാൻ ആദ്യം ചെയ്യുന്ന കാര്യം ഹോർമുസ് അടയ്ക്കുകയായിരിക്കുമെന്ന് വ്യക്തമായിരുന്നു. ഇത് ആരും തന്നോട് പറഞ്ഞില്ലെന്ന് ട്രംപ് പറയുന്നത് ഞെട്ടിക്കുന്നതാണ്,’ അവർ പറഞ്ഞു. ആണവായുധങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവുള്ളവരല്ല, മറിച്ച് വിവരമില്ലാത്തവരാണ് ഇപ്പോൾ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ ഈ യുദ്ധദാഹത്തെ തടഞ്ഞുനിർത്തിയിരുന്നുവെന്ന് ഹിലരി ചൂണ്ടിക്കാട്ടി. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ നെതന്യാഹുവിന് തന്റെ ലക്ഷ്യം നടപ്പാക്കാൻ സാധിച്ചു. ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങൾ നെതന്യാഹുവിന്റെ ഈ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്നും ഹിലരി വിമർശിച്ചു.

നിലവിലെ വെടിനിർത്തൽ അതീവ ദുർബലമാണെന്നും നെതന്യാഹുവിന്റെ ലക്ഷ്യം ഇപ്പോഴും മാറിയിട്ടില്ലെന്നും ഹിലരി മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതും ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതും സ്ഥിതിഗതികൾ വീണ്ടും യുദ്ധത്തിലേക്ക് നയിച്ചേക്കാം. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാതെ ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നത് ലോകത്തിന് വലിയ ആപത്താണെന്നും ഹിലരി ഓർമിപ്പിച്ചു.

ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ പരിമിതമായ ആക്രമണത്തെ താൻ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന അശ്രദ്ധമായ ആക്രമണങ്ങളെ എതിർക്കുന്നു. സഖ്യകക്ഷികളെ അവഗണിച്ചതും തെറ്റായ നയങ്ങളും കാരണം അമേരിക്കയുടെ നയതന്ത്ര കരുത്ത് നഷ്ടപ്പെട്ടു. ആണവ വിദഗ്ധരെയും ഭൗതികശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി സഖ്യകക്ഷികളുമായി ചേർന്ന് ശരിയായ ചർച്ചകൾ പുനരാരംഭിക്കണം. സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്തുള്ള ചർച്ചകൾ വേണം. അവരെ പരിഹസിച്ചുകൊണ്ട് ഒരു പ്രശ്‌നപരിഹാരം സാധ്യമല്ല. അമേരിക്ക ഇപ്പോൾ ദുർബലമായ നിലയിലാണെന്നും, ഒറ്റപ്പെടേണ്ടിയിരുന്ന ഇറാൻ ഇപ്പോൾ മുൻതൂക്കം നേടുകയാണെന്നും ഹിലരി ആശങ്ക പ്രകടിപ്പിച്ചു.

നേരത്തെ മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയും സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖർ ഒന്നൊന്നായി നെതന്യാഹുവിന്റെ യുദ്ധനീക്കങ്ങളെക്കുറിച്ച് തുറന്നുപറയുന്നത് ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Also read: