28/04/2026
[fontresizer_tawhidurrahmandear_widget]

എണ്ണ ഉൽപാദനം നിർത്താനും കയറ്റി അയക്കാനും കഴിയുന്നില്ല; പഴയ കപ്പലുകളെ എണ്ണ സംഭരണിയാക്കി ഇറാൻ

 എണ്ണ ഉൽപാദനം നിർത്താനും കയറ്റി അയക്കാനും കഴിയുന്നില്ല; പഴയ കപ്പലുകളെ എണ്ണ സംഭരണിയാക്കി ഇറാൻ

തെഹ്‌റാൻ: ഹോർമുസിലെ അമേരിക്കൻ നാവിക ഉപരോധത്തെ തുടർന്ന് എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ താൽക്കാലിക പരിഹാരവുമായി ഇറാൻ. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ കപ്പലുകളെ എണ്ണ സംഭരണിയാക്കി മാറ്റുകയാണ് രാജ്യം. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ നിറയാറായ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. എണ്ണക്കിണറുകൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ പെട്ടെന്ന് ഉൽപാദനം നിർത്തിവെക്കാൻ അവർക്ക് കഴിയില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഖാർഗ് ദ്വീപിലെ എണ്ണ സംഭരണികൾ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പൂർണ്ണമായും നിറയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കടലിൽ എണ്ണ സൂക്ഷിക്കാനായി മുപ്പത് വർഷത്തിലേറെ പഴക്കമുള്ള ‘നഷ’ എന്ന വലിയ കപ്പൽ ഇറാൻ വീണ്ടും രംഗത്തിറക്കിയിരിക്കുകയാണ്.

പ്രശ്‌നപരിഹാരത്തിനായി പാകിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയത്. ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് ശേഷം നടന്ന ചർച്ചകളിൽ ആണവ വിഷയങ്ങളിൽ സമവായത്തിൽ എത്താൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞില്ല.

ചർച്ചകൾ വഴിമുട്ടിയതോടെ ഏപ്രിൽ 13 മുതൽ അമേരിക്കൻ നാവികസേന ഇറാന്റെ തുറമുഖങ്ങളിൽ പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളായ ചൈനയിലെ ശുദ്ധീകരണശാലകൾക്കും എണ്ണ കടത്തുന്ന നാല്പതോളം കപ്പൽ കമ്പനികൾക്കും മേൽ അമേരിക്ക കടുത്ത ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ സമാനതകളില്ലാത്ത ‘ഇരട്ട ഉപരോധമാണ്’ നിലനിൽക്കുന്നത്.

അമേരിക്കൻ നാവികസേന ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുമ്പോൾ, മറുഭാഗത്ത് ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ഇറാനും തിരിച്ചടിക്കുകയാണ്. ലെബനനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് വാണിജ്യ കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ ഇറാൻ ഏപ്രിൽ പകുതിയോടെ ചില ഇളവുകൾ നൽകിയിരുന്നെങ്കിലും, അമേരിക്കൻ ഉപരോധമുള്ളതിനാൽ ഇറാന് കയറ്റുമതി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ എണ്ണ ഉൽപ്പാദനം പൂർണ്ണമായി നിർത്തിവെക്കേണ്ടി വരികയും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ തകർക്കുകയും ചെയ്യും.

Also read: