ഇറ്റലിയിൽ ഫാസിസ്റ്റ് വിരുദ്ധ റാലിയിൽനിന്ന് ജൂതവംശജരെ ആട്ടിപ്പുറത്താക്കി
മിലാൻ: നാസി-ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെയും എൺപതാം വാർഷികത്തോടനുബന്ധിച്ച് ഇറ്റലിയിൽ നടന്ന റാലിയിൽ ജൂതവംശജർക്കുനേരെ അധിക്ഷേപം. മിലാനിൽ നടന്ന വിമോചനദിന റാലിയിൽ പങ്കെടുത്ത ജൂതവംശജരെ ഒരു കൂട്ടം പ്രതിഷേധക്കാർ തടയുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇവരെ റാലിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. പിന്നീട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അവരോട് റാലിയിൽനിന്ന് മാറിപ്പോകാൻ ആവശ്യപ്പെട്ടു.
രണ്ടാം ലോക യുദ്ധകാലത്ത് നാസികൾക്കെതിരെ പോരാടിയ ബ്രിട്ടീഷ് സൈന്യത്തിലെ ‘ജൂത ബ്രിഗേഡിന്റെ’ ബാനറിന് കീഴിൽ അണിനിരന്നവർക്ക് നേരെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായത്. ഇസ്രയേൽ വിരുദ്ധ സംഘടനകളും ആക്ടവിസ്റ്റുകളുമാണു ജൂതർക്കെതിരെ രംഗത്തെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം ജൂത വിഭാഗത്തെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. ഒടുവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇവരെ റാലിയിൽനിന്ന് മാറ്റുകയായിരുന്നു.
ഓഷ്വിറ്റ്‌സ് അതിജീവിതന്റെ മകനും മുൻ എംപിയുമായ ഇമ്മാനുവൽ ഫിയാനോ ഉൾപ്പെടെയുള്ളവർക്ക് റാലിയിൽനിന്ന് മടങ്ങേണ്ടി വന്നു. തങ്ങൾ ക്രൂരമായി പുറത്താക്കപ്പെട്ടുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘സയണിസ്റ്റുകൾ പുറത്തുപോവുക’, ‘ഹിറ്റ്ലർ വാഴ്ക’ തുടങ്ങിയ മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നതായി പുറത്താക്കപ്പെട്ട ജൂതവംശജർ ആരോപിക്കുന്നു.
റാലിയിൽ പങ്കെടുത്ത ഒരാൾ ജൂത യുവതിക്ക് നേരെ ‘നിങ്ങൾ സോപ്പ് കഷണങ്ങളാകാത്തത് നിങ്ങളുടെ ഭാഗ്യമാണ്’ എന്ന് ആക്രോശിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഹോളോകാസ്റ്റ് കാലഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊല്ലപ്പെട്ട ജൂതരുടെ മൃതദേഹങ്ങൾ ഉപയോഗിച്ച് സോപ്പ് നിർമിച്ചതായുള്ള ചരിത്രത്തെ ഓർമിപ്പിച്ചായിരുന്നു ഈ അധിക്ഷേപം.
സംഭവത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ വ്യക്തമാക്കി. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിനെതിരെ യൂറോപ്പിലാകെ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. മിലാനിലെ തെരുവുകളിൽ ‘ഇസ്രയേലികൾക്ക് പ്രവേശനമില്ല’ എന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.