02/04/2026
[fontresizer_tawhidurrahmandear_widget]

‘പിണറായി വിജയനും എൽഡിഎഫും മോദിയുടെ ബി ടീം; അമേരിക്കയ്ക്കു മുന്നിൽ മോദി തലകുനിക്കുന്നു’- പ്രിയങ്ക ഗാന്ധി

 ‘പിണറായി വിജയനും എൽഡിഎഫും മോദിയുടെ ബി ടീം; അമേരിക്കയ്ക്കു മുന്നിൽ മോദി തലകുനിക്കുന്നു’- പ്രിയങ്ക ഗാന്ധി

തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നിൽ മോദി തലകുനിക്കുകയാണെന്നും അവർ പറഞ്ഞു. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് മോദി ഭയപ്പെടുന്നതെന്നും, പ്രധാനമന്ത്രിയുടെ ഭീരുത്വം കാരണം രാജ്യത്തിന്റെ ഊർജസുരക്ഷ അടിയറവ് വെക്കേണ്ടി വരുന്നുവെന്നും പ്രിയങ്ക പരിഹസിച്ചു. യുഎസുമായുള്ള വാണിജ്യ കരാർ ഇന്ത്യയിലെ കർഷകർക്ക് വലിയ തിരിച്ചടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രിയങ്ക ഗാന്ധി, യുഡിഎഫ് അധികാരത്തിലെത്തിയാൽ 3000 രൂപ ക്ഷേമപെൻഷനും കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ഉറപ്പാക്കുമെന്ന് ഗാരന്റി നൽകി. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും ആരോഗ്യമേഖല തകർന്നടിഞ്ഞെന്നും യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും അവർ കുറ്റപ്പെടുത്തി. കേരളത്തിലെ മനോഹരമായ മണ്ണും ഇവിടുത്തെ മതസൗഹാർദ്ദവും ഇന്ത്യയുടെ യഥാർത്ഥ ചൈതന്യമാണെന്നും വയനാട്ടിൽ നിന്നുള്ള എംപിയായ ശേഷം കേരളത്തെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.

Also read: