21/04/2026
[fontresizer_tawhidurrahmandear_widget]

പൊട്ടിത്തെറി തുടരുന്നു; ചിന്നിച്ചിതറി ശരീരങ്ങൾ, ചാക്കില്‍ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തകർ

 പൊട്ടിത്തെറി തുടരുന്നു; ചിന്നിച്ചിതറി ശരീരങ്ങൾ, ചാക്കില്‍ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തകർ

തൃശൂർ: പൂരം വെടിക്കെട്ട് പുരയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ തൃശൂർ മുണ്ടത്തിക്കോട്ട് നടുക്കുന്ന കാഴ്ചകൾ. വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ ഏട്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. ഉച്ചതിരിഞ്ഞ് 3.30-ഓടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ അഞ്ച് വെടിക്കെട്ട് പുരകളും പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചിന്നിച്ചിതറിയ നിലയിലാണുള്ളത്. പല ശരീരഭാഗങ്ങളും രക്ഷാപ്രവർത്തകർ ചാക്കുകളിൽ പൊതിഞ്ഞാണ് ആംബുലൻസുകളിലേക്ക് മാറ്റിയത്.

തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ടൊരുക്കുന്ന സജീവന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് സ്ഫോടനമുണ്ടായത്. ഒരു പുരയിലുണ്ടായ തീപിടുത്തം നിമിഷങ്ങൾക്കകം മറ്റ് നാല് പുരകളിലേക്കും പടരുകയായിരുന്നു. അപകടസമയത്ത് 40 ഓളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നതായാണ് വിവരം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം കനത്ത പുകപടലത്താൽ മൂടപ്പെട്ടിരിക്കുകയാണ്.

നിലയ്ക്കാത്ത പൊട്ടിത്തെറികൾ രക്ഷാദൗത്യത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുഴിമിന്നലുകളും അമിട്ടുകളും ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നതിനാൽ ഫയർഫോഴ്സിന് സ്ഥലത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ 13 വർഷമായി ഈ രംഗത്ത് സജീവമായിരുന്ന സതീശനായിരുന്നു നിർമാണത്തിന് നേതൃത്വം നൽകിയിരുന്നത്. “ഇത്തവണത്തോടെ ഈ പണി നിർത്തുകയാണെന്ന് സതീശൻ പറഞ്ഞിരുന്നു” എന്ന് സുഹൃത്തുക്കൾ വികാരാധീനരായി പറയുന്നു. പൊട്ടിത്തെറിക്കാതെ കിടക്കുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

Also read: