21/04/2026
[fontresizer_tawhidurrahmandear_widget]

തൃശൂർ പൂരം വെടിക്കെട്ട് ദുരന്തം: മരണം 13; 5 പേരുടെ നില ഗുരുതരം

 തൃശൂർ പൂരം വെടിക്കെട്ട് ദുരന്തം: മരണം 13; 5 പേരുടെ നില ഗുരുതരം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 23 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ഒരാളുടെ നില അതീവ സങ്കീർണമാണ്.

ഇന്ന് ഉച്ചയ്ക്ക് 3.30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിമരുന്ന് നിർമാണം നടന്നിരുന്ന മുണ്ടത്തിക്കോടുള്ള അഞ്ച് വെടിമരുന്ന് പുരകളാണ് പൂർണമായും തകർന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 40-ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആദ്യ സ്ഫോടനത്തിന് പിന്നാലെ രണ്ട് മണിക്കൂറോളം തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. വൈകീട്ട് ആറുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശം ഇപ്പോഴും പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികൾ ഭീഷണി ഉയർത്തുന്നതിനാൽ അഗ്നിശമന സേനയും പോലീസും അതീവ ജാഗ്രതയിലാണ്.

സംഭവത്തിൽ തൃശ്ശൂർ ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ദുരന്തബാധിത പ്രദേശത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു.

Also read: