‘ഇത്തവണ വെടിക്കെട്ടില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും’; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
തൃശ്ശൂർ: ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഒഴിവാക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കുമെന്നും സർക്കാരിന്റെ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു.
നിലവിൽ 14 പേർ മരിച്ച അപകടത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായും സർക്കാരുമായും കൂടിയാലോചനകൾ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
അപകടത്തിൽ അട്ടിമറി സാധ്യതകൾ ദേവസ്വം തള്ളി. നിരോധിത വെടിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും സെക്രട്ടറി അറിയിച്ചു. സ്ഫോടനത്തിൽ മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാക്കുന്നതിനുള്ള നടപടികൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.