22/04/2026
[fontresizer_tawhidurrahmandear_widget]

ഷാജിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണ്, ‘ഉയിരും കയ്യിലെടുത്ത് ഓടി’- ഭവാനി; ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 ഷാജിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണ്, ‘ഉയിരും കയ്യിലെടുത്ത് ഓടി’- ഭവാനി; ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ: പടക്ക നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികളായ ഷാജിയും ഭവാനിയും. ഉച്ചഭക്ഷണം കഴിക്കാൻ പോയതും സ്ഫോടന ശബ്ദം കേട്ടയുടൻ പ്രാണരക്ഷാർത്ഥം ഓടിയതുമാണ് ഇവർക്ക് തുണയായത്.

ഇരുനിലംകോട് സ്വദേശി ഷാജി (40) ഉച്ചയ്ക്ക് രണ്ടര വരെ വെടിക്കെട്ടുപുരയിൽ സജീവമായിരുന്നു. 11 വർഷമായി പടക്ക നിർമാണരംഗത്ത് പണിയെടുക്കുന്ന ഷാജി, മരുന്ന് നിറയ്ക്കുന്ന ജോലിയാണ് പ്രധാനമായും ചെയ്തിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ നിമിഷങ്ങളാണ് ഷാജിയുടെ ജീവൻ രക്ഷിച്ചത്. തിരികെ ജോലിസ്ഥലത്തേക്ക് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരുടെ വിയോഗത്തിൽ നടുക്കത്തിലാണ് അദ്ദേഹം.

പടക്കശാലയ്ക്ക് പുറത്ത് തിരികൂട്ടുന്ന ജോലിയിലായിരുന്ന വേലൂർ സ്വദേശി ഭവാനി മരണത്തെ മുഖാമുഖം കണ്ടാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദം കേട്ടതോടെ മറ്റൊന്നും ചിന്തിക്കാതെ ഓടുകയായിരുന്നുവെന്ന് ഭവാനി പറയുന്നു. ഓടുന്നതിനിടെ വീണ് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേലൂരിൽ നിന്ന് അഞ്ച് പേരാണ് ഭവാനിക്കൊപ്പം ജോലിക്ക് എത്തിയിരുന്നത്. പാലക്കാട്, നെന്മാറ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെ നാൽപതോളം പേർ ആഴ്ചകളായി ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നുവെന്നും ഷാജി പറഞ്ഞു. മിന്നൽവേഗത്തിലുണ്ടായ അപകടത്തിന്റെ ഭീതിയിൽ നിന്ന് ഈ തൊഴിലാളികൾ ഇപ്പോഴും മുക്തരായിട്ടില്ല.

Also read: