17/04/2026
[fontresizer_tawhidurrahmandear_widget]

പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ; തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തുടർനടപടിയില്ല

 പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ; തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തുടർനടപടിയില്ല

തൃശൂർ: വിവാദമായ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതായി ആക്ഷേപം. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ നൽകിയ രഹസ്യ നിർദേശത്തെത്തുടർന്നാണ് റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ കെട്ടിക്കിടക്കുന്നതെന്നാണ് സൂചന.

2024 ഏപ്രിലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെയാണ് ചരിത്രത്തിലാദ്യമായി തൃശൂർ പൂരം അലങ്കോലപ്പെട്ടത്. സംഭവം രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, രണ്ട് വർഷത്തിന് ശേഷം മറ്റൊരു പൂരം എത്തുമ്പോഴും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. ഫെബ്രുവരി 8ന് തന്നെ അന്വേഷണ സംഘം റിപ്പോർട്ട് എഡിജിപി എച്ച് വെങ്കിടേഷിന് കൈമാറിയിരുന്നു.

വിവാദങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട് ന്യായീകരിക്കുന്നതായാണ് വിവരം. പകരം, തിരുവമ്പാടി ദേവസ്വത്തെ സംശയനിഴലിൽ നിർത്തുന്ന റിപ്പോർട്ടിൽ ചില ഭാരവാഹികളുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും പരാമർശമുണ്ട്. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിലോ പ്രതികളെ നിശ്ചയിക്കുന്നതിലോ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വേളയിൽ റിപ്പോർട്ട് പുറത്തുവരുന്നത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയമാണ് സർക്കാർ നടപടി വൈകിപ്പിക്കുന്നതെന്ന വിമർശനം ശക്തമാണ്. ഇതോടെ പൂരം കലക്കലിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന ഇപ്പോഴും നിഗൂഢമായി തുടരുന്നു.

Also read: