17/04/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാ സ്തുതിയും അല്ലാഹുവിന്; ഹോർമുസ് മര്യാദയ്ക്ക് തുറന്നോ.. ഇല്ലെങ്കിൽ ഇറാന്‍ നരകമാകും’- അന്ത്യശാസനവുമായി ട്രംപ്

 ‘എല്ലാ സ്തുതിയും അല്ലാഹുവിന്; ഹോർമുസ് മര്യാദയ്ക്ക് തുറന്നോ.. ഇല്ലെങ്കിൽ ഇറാന്‍ നരകമാകും’- അന്ത്യശാസനവുമായി ട്രംപ്

വാഷിങ്‌ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടത്തിന് നൽകിയ സമയപരിധിയിൽ മാറ്റം വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ അന്ത്യശാസന പ്രകാരം ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി 8 മണി വരെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ) ഇറാന് സമയം അനുവദിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ അത്യന്തം പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായ കുറിപ്പിലൂടെയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.

നിശ്ചിത സമയത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും പാലങ്ങൾക്കും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ സൈനികാക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. “ചൊവ്വാഴ്‌ച ഇറാനെ സംബന്ധിച്ചിടത്തോളം വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയുടെ ദിനമായിരിക്കും. ആ കടലിടുക്ക് അങ്ങ് തുറന്നു കൊടുത്തേക്ക്, ഇല്ലെങ്കിൽ നിങ്ങൾ നരകത്തിലായിരിക്കും ജീവിക്കാൻ പോകുന്നത്. എല്ലാ സ്തുതിയും അല്ലാഹുവിന്,” എന്നിങ്ങനെയായിരുന്നു കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ കൂടി കലർത്തിയ ട്രംപിന്റെ കുറിപ്പ്. നേരത്തെ മാർച്ച് 21-നും ഏപ്രിൽ 6-നും സമാനമായ രീതിയിൽ ട്രംപ് അന്ത്യശാസനം നൽകിയിരുന്നെങ്കിലും ഇപ്പോൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ് അതീവ ഗുരുതരമാണ്.

എന്നാൽ, അമേരിക്കയുടെ ഈ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും ഇറാൻ ഐക്യരാഷ്ട്രസഭയിൽ ആരോപിച്ചു. ഹോർമുസിന് പുറമെ ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന സൂചന നൽകി ഇറാൻ തിരിച്ചും സമ്മർദ്ദം ശക്തമാക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കെ, ട്രംപിന്റെ പുതിയ സമയപരിധി ലോകത്തെ വലിയൊരു യുദ്ധഭീതിയിലേക്കാണ് തള്ളിവിടുന്നത്.

Also read: