18/04/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ആരുമില്ല’; മരണത്തിന് മുൻപേ സ്വന്തം മരണാനന്തര വിരുന്ന് നടത്തി 65-കാരൻ

 ‘എനിക്ക് ആരുമില്ല’; മരണത്തിന് മുൻപേ സ്വന്തം മരണാനന്തര വിരുന്ന് നടത്തി 65-കാരൻ

ലഖ്‌നൗ: “സ്വന്തം ആളുകൾ എന്നെ കൊള്ളയടിച്ചു, അപരിചിതർക്ക് അതിന് കഴിയില്ലായിരുന്നു. എവിടെയാണോ വെള്ളം കുറവ് അവിടെയാണ് എന്റെ തോണി മുങ്ങിയത്…” – ഫിറാഖ് ഗോരഖ്പുരിയുടെ ഈ പ്രശസ്തമായ വരികൾ അച്ചടിച്ച ഒരു ക്ഷണക്കത്ത് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഔറയ്യയിൽ വലിയ ചർച്ചയായിരുന്നു. തന്റെ മരണശേഷം ആചാരങ്ങൾ നടത്താൻ ആരുമില്ലെന്ന തിരിച്ചറിവിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ഭണ്ഡാര (മരണാനന്തര വിരുന്ന്) നടത്തിയിരിക്കുകയാണ് 65 വയസ്സുകാരനായ രാകേഷ് യാദവ്.

ഏകദേശം 1,900 പേരെയാണ് രാകേഷ് യാദവ് അപൂർവ്വ വിരുന്നിനായി ക്ഷണിച്ചത്. ലക്ഷ്മൺപൂർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയും പൂജകൾക്ക് ശേഷം ഭക്ഷണം കഴിക്കുകയും ചെയ്തു. “ഞാൻ ഒറ്റയ്ക്കാണ്, എനിക്ക് ആരുമില്ല. എന്റെ മരണശേഷം എനിക്കുവേണ്ടി ഇത് ചെയ്യാൻ ആരും അവശേഷിക്കില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത് നടത്താൻ ഞാൻ തീരുമാനിച്ചു,” രാകേഷ് യാദവ് തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞു.

അവിവാഹിതനായ രാകേഷ് യാദവിന് രണ്ട് സഹോദരന്മാരാണുണ്ടായിരുന്നത്. ഒരാൾ അസുഖം ബാധിച്ചും മറ്റൊരാൾ തർക്കത്തിനിടെ കൊല്ലപ്പെട്ടും മരണപ്പെട്ടു. ഏക സഹോദരിയും അവിവാഹിതയായി കഴിയുന്നു. സാമ്പത്തിക പ്രയാസങ്ങളും ഭൂമിയില്ലാത്തതും കാരണമാണ് വിവാഹം കഴിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സ്വന്തം വീട് ബന്ധുക്കൾക്ക് വിട്ടുനൽകി ഇപ്പോൾ ഒരു താൽക്കാലിക ഷെഡിലാണ് രാകേഷ് കഴിയുന്നത്. അയൽക്കാർക്കിടയിൽ മതവിശ്വാസിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഈ സിന്ദാ ഭണ്ഡാര (ജീവനുള്ളപ്പോഴുളള വിരുന്ന്) ഒരു വശത്ത് സാമൂഹിക ചർച്ചകൾക്ക് വഴിയൊരുക്കുമ്പോൾ തന്നെ, ഒരു മനുഷ്യന്റെ തീവ്രമായ ഏകാന്തതയുടെ നേർചിത്രമായും മാറുകയാണ്. ഔറയ്യയിലെ ലക്ഷ്മൺപൂരിൽ ഇപ്പോൾ പ്രധാന സംസാരവിഷയം രാകേഷ് യാദവും അദ്ദേഹത്തിന്റെ വിചിത്രമായ വിരുന്നുമാണ്.

Also read: