യുഎസ് നാവിക ഉപരോധം: ഇറാന് പ്രതിദിനം 435 ദശലക്ഷം ഡോളർ നഷ്ടം, യുദ്ധം ആരംഭിച്ചതു മുതൽ ഗൾഫ് രാജ്യങ്ങൾക്ക് പ്രതിദിനം 2 ബില്യൺ ഡോളർ നഷ്ടം
തെഹ്‌റാൻ: പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം ഇറാന് പ്രതിദിനം ഏകദേശം 435 ദശലക്ഷം ഡോളർ നഷ്ടമെന്ന് റിപ്പോർട്ട്. ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ മിയാദ് മലേക്കി നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടതിലൂടെയുള്ള 276 ദശലക്ഷം ഡോളറിന്റെ നേരിട്ടുള്ള നഷ്ടമാണ്.
നിലവിൽ പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്ന ഇറാന്റെ വിതരണ ശൃംഖലയുടെ 90 ശതമാനവും പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപ് വഴിയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്കയുടെ ഉപരോധം ഇറാന്റെ വിദേശനാണ്യ വരുമാനത്തെ പൂർണ്ണമായും തടയുന്നു. എണ്ണ കയറ്റുമതിക്ക് പുറമെ, ഇറാന്റെ വാർഷിക വ്യാപാരത്തിന്റെ 90 ശതമാനത്തിലധികം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഇറക്കുമതി തടസ്സപ്പെടുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾ വഴി ഇറാന് പ്രതിമാസം 13 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, ഈ ഉപരോധം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ബേക്കർ ഇൻസ്റ്റിറ്റിയൂട്ടിന്റെ വിശകലനമനുസരിച്ച്, മാർച്ചിൽ ആരംഭിച്ച സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾക്ക് പ്രതിദിനം 2 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്ക്. സൗദി അറേബ്യയ്ക്കും യുഎഇക്കും എണ്ണ നീക്കത്തിന് പൈപ്പ് ലൈൻ മാർഗങ്ങൾ ലഭ്യമാണെങ്കിലും കുവൈത്ത്, ഖത്തർ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിന്റെ 89 ശതമാനവും ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളെ ലക്ഷ്യമാക്കിയുള്ളതാണ്. ഉപരോധം മൂലം ആഗോള എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് അമേരിക്കയിൽ നേരിട്ടുള്ള ഇന്ധനക്ഷാമം ഉണ്ടാക്കുന്നില്ലെങ്കിലും ലോകമെമ്പാടും പണപ്പെരുപ്പത്തിന് കാരണമാകുന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നും പ്രകൃതിവാതകത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലെ ഉപരോധം വരും ദിവസങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കലുഷിതമാക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.