‘എല്ലാവരും കള്ളന്മാരാണ്, എന്നെ പറ്റിച്ചു; ‘സുമതി വളവി’ൽ നഷ്ട്ടം 7 കോടി’; പൊട്ടിക്കരഞ്ഞ് നിർമാതാവ് മുരളി
കൊച്ചി: മലയാള സിനിമയിലെ നിർമാതാവും വ്യവസായിയുമായ മുരളി കുന്നുംപുറത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്നെ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ചേർന്ന് ചതിച്ചതായും വെളിപ്പെടുത്തി രംഗത്ത്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിന്റെ യഥാർത്ഥ പ്രചോദനമായ മുരളി, ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് തന്റെ ദയനീയാവസ്ഥ വിവരിച്ചത്. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ ഏകദേശം ഒൻപത് കോടി രൂപയുടെ നഷ്ടമുണ്ടായതായും ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
‘വെള്ളം’ സിനിമയ്ക്ക് ശേഷം താൻ നിർമിച്ച ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ എന്നീ ചിത്രങ്ങളാണ് വലിയ ബാധ്യത വരുത്തിവെച്ചത്. രണ്ടാം ചിത്രമായ ‘നദികളിൽ സുന്ദരി യമുന’യുടെ അണിയറപ്രവർത്തകർ തന്നോട് കള്ളം പറഞ്ഞാണ് സിനിമ നിർമിപ്പിച്ചതെന്നും അതിലൂടെ രണ്ട് കോടിയോളം രൂപ നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘സുമതി വളവ്’ എന്ന ചിത്രത്തിലൂടെ ഏഴ് കോടി രൂപയുടെ ബാധ്യതയുണ്ടായതായും മുരളി വ്യക്തമാക്കി.
ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടെയുള്ളവർ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഇവരെ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. വിദേശത്തെ ടൈൽസ് ബിസിനസ്സിലും തിരിച്ചടികൾ നേരിട്ട മുരളി, കടക്കാർ തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കൂട്ടിച്ചേർത്തു. “എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല, പക്ഷേ വേറെ വഴിയില്ല” എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ വൈകാതെ തന്നെ അദ്ദേഹം വിഡിയോ തന്റെ പേജിൽ നിന്നും നീക്കം ചെയ്തു.