സച്ചിനും റീനുവും ഇനി വരില്ല! ‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം നിവിൻ പോളി ചിത്രം; വെളിപ്പെടുത്തലുമായി ദിലീഷ് പോത്തൻ
മലയാള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്രേമലു 2’ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിർമാതാവും നടനുമായ ദിലീഷ് പോത്തൻ. സിനിമ പൂർണമായും ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തൻ നൽകിയിരിക്കുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നും അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നത് എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ബദ്‍ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. പ്രേമലുവിന്റെ സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം 2026 ഓണം റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് പുതിയ വിവരം.
തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് പ്രേമലു 2 ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. നേരത്തെ ചില സാങ്കേതിക കാരണങ്ങളാൽ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. 2024 ഏപ്രിൽ 18-നായിരുന്നു ‘പ്രേമലു 2’ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ചിത്രം പൂർണമായും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2024 ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ പ്രേമലു മലയാളത്തിലെ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചിരുന്നു.