ഇത് ബില്യൺ ബ്രോസ് തരംഗം! 200 കോടി ക്ലബിൽ ഇടം പിടിച്ച് വാഴ 2
‘വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടി ഞെട്ടിച്ച ചിത്രം, ഇപ്പോൾ 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പുതുമുഖങ്ങളെ മാത്രം പ്രധാന വേഷങ്ങളിൽ അണിനിരത്തി ഒരുക്കിയ ഒരു ചിത്രം 200 കോടി രൂപ എന്ന സ്വപ്ന നേട്ടം കൈവരിക്കുന്നത്.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സൂപ്പർതാര ചിത്രങ്ങൾക്ക് ലഭിക്കുന്നതിന് സമാനമായ മുന്നേറ്റമാണ് വാഴ 2 കാഴ്ചവെക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാളികൾക്ക് സുപരിചിതരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമിൻ തുടങ്ങിയ യുവതാരങ്ങളാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ഇവർക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നവാഗതനായ എസ് സവിൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിതകഥയാണ് പറയുന്നത്. ഹ്യൂമറിൽ തുടങ്ങി ആഴത്തിലുള്ള ഇമോഷണൽ ഡ്രാമയിലൂടെ കടന്നുപോയാണ് സിനിമ അവസാനിക്കുന്നത്.
ചിരിയും ചിന്തയും ഒരുപോലെ നൽകുന്ന മികച്ചൊരു എന്റർടെയ്‌നർ എന്നാണ് പ്രേക്ഷകർ ചിത്രത്തെ വിലയിരുത്തുന്നത്. പൊട്ടിച്ചിരികളുമായി നീങ്ങുന്ന ആദ്യ പകുതിയും ജീവിതത്തിലെ കയ്പ്പേറിയ യാഥാർത്ഥ്യങ്ങൾ വരച്ചുകാണിക്കുന്ന രണ്ടാം പകുതിയും ഒരുപോലെ മികച്ചുനിൽക്കുന്നു. കൗമാരപ്രായത്തിലെ പ്രശ്നങ്ങൾ, ആഴത്തിലുള്ള സൗഹൃദം, സഹോദരബന്ധം, പ്രണയം എന്നിവയ്ക്ക് പുറമെ അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വിപിൻ ദാസ്, ഹാരിസ് ദേശം തുടങ്ങിയവർ വിവിധ ബാനറുകളിലായി നിർമ്മിച്ച ചിത്രത്തിന് മലയാളി മങ്കിസ്, രജത് പ്രകാശ് എന്നിവരടങ്ങുന്ന വലിയൊരു സംഘമാണ് സംഗീതം നൽകിയിരിക്കുന്നത്.