15/04/2026
[fontresizer_tawhidurrahmandear_widget]

‘ഓരോ വിഷുവും പേടിയായിരുന്നു, മരിക്കാൻ പോലും ചിന്തിച്ചു’; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

 ‘ഓരോ വിഷുവും പേടിയായിരുന്നു, മരിക്കാൻ പോലും ചിന്തിച്ചു’; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

കൊച്ചി: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഒരു വൈറൽ വീഡിയോയ്ക്കും പരിഹാസങ്ങൾക്കും പിന്നിൽ ഇത്രയും വലിയൊരു നോവുണ്ടെന്ന് മലയാളികൾ തിരിച്ചറിയുന്നത് ഇപ്പോഴാണ്. വിഷുക്കാലത്ത് പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ വീഴുന്ന വീഡിയോയിലൂടെ ശ്രദ്ധേയനായ വ്യക്തി ഒടുവിൽ നടൻ ബിജുക്കുട്ടനെ കാണാൻ നേരിട്ടെത്തി. സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘വാഴ 2’ എന്ന ചിത്രത്തിൽ ബിജുക്കുട്ടൻ ഈ രംഗം പുനരവതരിപ്പിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ തനിക്കുണ്ടായ ആശ്വാസവും കഴിഞ്ഞകാലത്തെ ദുരനുഭവങ്ങളും പങ്കുവെക്കാനാണ് അദ്ദേഹം ബിജുക്കുട്ടന്റെ വീട്ടിലെത്തിയത്.

മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനിയൻ തമാശയ്ക്ക് പകർത്തിയ വീഡിയോയാണ് പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. പടക്കം പൊട്ടിച്ച് താൻ താഴെ വീഴുന്നത് കണ്ടപ്പോൾ എന്തോ ആപത്ത് പറ്റിയെന്ന് കരുതി മകൻ കരഞ്ഞുകൊണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച നിമിഷം ഇന്നും നോവാണെന്ന് അദ്ദേഹം ബിജുക്കുട്ടനോട് പറഞ്ഞു. എന്നാൽ വീഡിയോ വൈറലായതോടെ പരിഹാസങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. മദ്യപിച്ചാണോ വീണതെന്ന ചോദ്യങ്ങളും കളിയാക്കലുകളും കാരണം പുറത്തിറങ്ങാൻ പോലും മടിയായിരുന്നെന്നും, ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിനിമയിൽ ഈ രംഗം ഉൾപ്പെടുത്തിയപ്പോൾ കൂടുതൽ പരിഹാസം നേരിടേണ്ടി വരുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ സിനിമ കണ്ട് മകൻ വിളിച്ചു പറഞ്ഞതനുസരിച്ചാണ് തിയറ്ററിലെത്തിയത്. തന്റെ ജീവിതത്തിൽ അന്ന് എന്താണോ സംഭവിച്ചത്, അത് അതേപടി സിനിമയിൽ പകർത്തി വെച്ചതുപോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വർഷങ്ങളായി അനുഭവിച്ച മാനസിക വിഷമങ്ങളിൽ നിന്നും താൻ മുക്തനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജുക്കുട്ടൻ തന്നെയാണ് ഈ ഹൃദയസ്പർശിയായ കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് ആരും അന്വേഷിച്ചു പോകരുതെന്നും താരം കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Also read: