19/04/2026
[fontresizer_tawhidurrahmandear_widget]

കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് മണ്ണ് വാരിയിട്ട് യുവതി

 കല്യാണം അലങ്കോലമാക്കാൻ ശ്രമം: സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് മണ്ണ് വാരിയിട്ട് യുവതി

പ്രതീകാത്മക ചിത്രം

കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്.

വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ കേസുണ്ട്. ഈ തർക്കസ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കിണറിന് സമീപം പാചകം തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ വാദം. സംഭവം അറിഞ്ഞ് നാട്ടുകാർ വൻതോതിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒടുവിൽ പോലീസ് കാവലിലാണ് രാത്രിയിൽ സദ്യക്കുള്ള ഭക്ഷണം പാകം ചെയ്തത്. അയൽക്കാരിയുടെ തടസ്സപ്പെടുത്തലുകളെയും അതിജീവിച്ച്, നിശ്ചയിച്ച പ്രകാരം തന്നെ ശനിയാഴ്ച വിവാഹം ഭംഗിയായി നടന്നു. എന്തായാലും കല്യാണസദ്യയിൽ മണ്ണ് വാരിയിട്ട യുവതിയുടെ പ്രവൃത്തി സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

Also read: