17/06/2026
[fontresizer_tawhidurrahmandear_widget]

‘യുപിയിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഡൽഹിയിൽ ബിജെപി സർക്കാർ വീഴും’ അഖിലേഷ് യാദവ്

 ‘യുപിയിൽ സമാജ് വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഡൽഹിയിൽ ബിജെപി സർക്കാർ വീഴും’ അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ഡൽഹിയിലെ കേന്ദ്ര സർക്കാർ താഴെവീഴുമെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഒരു വർഷത്തിനുള്ളിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ തകരുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് ശരിവെച്ചുകൊണ്ട് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അഖിലേഷ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ മുന്നണി നേടുന്ന വിജയം രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ ചിത്രത്തെ മാറ്റുമെന്ന വലിയ അവകാശവാദമാണ് സമാജ്‌വാദി പാർട്ടി ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സംസ്ഥാനത്ത് നിലവിലുള്ള യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് വാർത്താ സമ്മേളനത്തിൽ അഖിലേഷ് യാദവ് ഉന്നയിച്ചത്. ഉത്തർപ്രദേശിൽ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒരു ക്രിമിനൽ ഭരണസംവിധാനമാണ് സർക്കാർ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഭയപ്പെടുത്താനും അവരുടെ അവകാശങ്ങൾ കവർന്നെടുക്കാനുമാണ് ഇത്തരം നടപടികൾ ഉപയോഗിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ കടുത്ത ചൂടിനിടയിൽ അനുഭവപ്പെടുന്ന കനത്ത വൈദ്യുതി പ്രതിസന്ധിയും വിപണിയിലെ വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം ജനങ്ങൾ കടുത്ത അമർഷത്തിലാണെന്നും, ബിജെപി ജനപ്രതിനിധികൾ തന്നെ തങ്ങളുടെ സർക്കാരിന് കത്തുകൾ എഴുതി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിനല്ല, മറിച്ച് വിജയത്തിനാണ് തങ്ങളുടെ സഖ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അഖിലേഷ് യാദവിന്റെ ഈ രാഷ്ട്രീയ പ്രവചനത്തിനെതിരെ ബിജെപി അനുഭാവികളും മറ്റ് രാഷ്ട്രീയ വിമർശകരും സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ അവകാശവാദം വെറും ‘പകൽ കിനാവ്’ മാത്രമാണെന്ന് ഇവർ പരിഹസിക്കുന്നു. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്തുണ്ടായിരുന്ന ക്രമസമാധാന തകർച്ചയും വൈദ്യുതി ദൗർലഭ്യവും കുടുംബ രാഷ്ട്രീയവുമെല്ലാം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധിയാളുകൾ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി തന്നെ വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Also read: