12/06/2026
[fontresizer_tawhidurrahmandear_widget]

ജനപ്രതിനിധി, ജോലി ചാക്ക് ശേഖരണം; വികസന നായകൻ്റെ നിശ്ചയദാർഢ്യത്തിന്റെ കഥ 

 ജനപ്രതിനിധി, ജോലി ചാക്ക് ശേഖരണം; വികസന നായകൻ്റെ നിശ്ചയദാർഢ്യത്തിന്റെ കഥ 

അരൂർ: പദവികൾക്കിടയിലും താൻ ചെയ്തുവന്ന തൊഴിലിനെ നെഞ്ചോട് ചേർത്ത് മാതൃകയാവുകയാണ് അരൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുള്ള. നാട്ടുകാരുടെ പ്രിയപ്പെട്ട ‘പരിയ’ എന്ന അബ്‌ദുള്ള, റേഷൻ കടകളിൽ നിന്ന് ചാക്കുകൾ ശേഖരിച്ച് വിൽക്കുന്ന ജോലിയിലൂടെയാണ് ഇന്നും ജീവിതം കരുപ്പിടിപ്പിക്കുന്നത്.

പിതാവ് മുഹമ്മദ് 49 വർഷം മുൻപ് തുടങ്ങിയ ചാക്കുവ്യാപാരം അദ്ദേഹത്തിന്റെ മരണശേഷം സഹോദരൻ ഹബീബുള്ളയ്‌ക്കൊപ്പം അബ്‌ദുള്ള ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ (431 വോട്ട്) വിജയിച്ച അദ്ദേഹം, ജനപ്രതിനിധി എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും പുലർച്ചെ തന്നെ തന്റെ ജോലിയിൽ സജീവമാകും. അരൂർ മുതൽ കാട്ടൂർ വരെയുള്ള 150-ഓളം റേഷൻ കടകളിൽ നിന്ന് ചാക്കുകൾ ശേഖരിക്കുന്നതും വാഹനം ഓടിക്കുന്നതും അബ്‌ദുള്ള നേരിട്ടാണ്.

30 പേർക്ക് തൊഴിൽ നൽകുന്ന പീലിങ് ഷെഡ് ഉടമ കൂടിയായ ഈ സംരംഭകൻ, വീട്ടുകാരുടെ പൂർണ പിന്തുണയോടെയാണ് പൊതുപ്രവർത്തനവും തൊഴിലും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നത്. അധ്വാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരുന്ന അബ്‌ദുള്ള നാട്ടുകാർക്കും പ്രചോദനമാണ്.

Also read: