‘ദീപക് സിംഗ്ല ധീരൻ, ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ല, ഈ അറസ്റ്റ് അതിനുള്ള പകപോക്കൽ’-വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവും ഗോവയുടെ സഹചുമതലക്കാരനുമായ ദീപക് സിംഗ്ലയുടെ അറസ്റ്റിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ. ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതും ഭരണകക്ഷിക്കെതിരെ ഉറച്ചുനിന്നു പോരാടിയതുമാണ് സിംഗ്ലയെ കുടുക്കാൻ കാരണമായതെന്ന് കെജ്രിവാൾ ആരോപിച്ചു. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാനും എഎപിയുടെ രഹസ്യ സംഘടനാ വിവരങ്ങൾ ചോർത്താനുമുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്ന് പാർട്ടി കുറ്റപ്പെടുത്തി.
ബാങ്ക് വായ്പ തട്ടിപ്പും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലും ഗോവയിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ശേഷം ഇഡി ദീപക് സിംഗ്ലയെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വിശ്വാസ് നഗർ മണ്ഡലത്തിൽനിന്ന് എഎപി ടിക്കറ്റിൽ മത്സരിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.
”ദീപക് സിംഗ്ല എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല അറസ്റ്റിലായത്. അദ്ദേഹം ബിജെപിക്കെതിരെ പ്രവർത്തിച്ചതിനാലും ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിനാലുമാണ് ഇഡി അദ്ദേഹത്തെ ലക്ഷ്യം വെച്ചത്. ദീപക് ധീരനാണ്, അദ്ദേഹം രാജ്യത്തിന് വേണ്ടി പോരാടുകയാണ്.’-അറസ്റ്റിനെ ശക്തമായി അപലപിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാൾ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടാകാൻ പോകുന്ന പരാജയഭീതിയാണ് നടപടിക്ക് പിന്നിലെന്ന് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് അതിഷി ആരോപിച്ചു. സിംഗ്ലയുടെ വസതിക്ക് പുറമെ ഗോവയിലെ ചില എഎപി വോളന്റിയർമാരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിട്ടുണ്ട്. ഇത് പാർട്ടി പ്രവർത്തകരെ ഭയപ്പെടുത്താൻ മാത്രമല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എഎപിയുടെ സംഘടനാപരമായ മുഴുവൻ വിവരങ്ങളും ബിജെപിക്ക് ചോർത്തി നൽകാനാണെന്നും അതിഷി എക്‌സിലൂടെയും വീഡിയോ സന്ദേശത്തിലൂടെയും കുറ്റപ്പെടുത്തി.
മുമ്പ് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂൽ കോൺഗ്രസിനെതിരെയും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയതെന്ന് അതിഷി ചൂണ്ടിക്കാട്ടി. അന്ന് ടിഎംസിക്ക് വേണ്ടി പ്രവർത്തിച്ച ഏജൻസി ജീവനക്കാരെ ജയിലിലടച്ച് ഇഡി വഴി പാർട്ടിയുടെ രഹസ്യ വിവരങ്ങൾ മുഴുവൻ ബിജെപി കവർന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരെയും വിട്ടയച്ചു. പിന്നീട് പഞ്ചാബിലും സമാനമായ ആക്രമണമാണ് നടന്നത്. ബിജെപിയിൽ ചേരാൻ വിസമ്മതിച്ച സഞ്ജീവ് അറോറയെ പോലുള്ള എഎപി നേതാക്കളെ ജയിലിലടച്ചപ്പോൾ, ബിജെപിയിലേക്ക് പോയ നേതാക്കളെ അവർ വെറുതെവിട്ടു. പഞ്ചാബിന് ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം ഗോവയാണെന്നും അതിഷി പറഞ്ഞു.
രാജ്യത്ത് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സാമ്പത്തിക പ്രതിസന്ധിയും പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ മാത്രമാണ് താൽപര്യമെന്നും എഎപി നേതാക്കൾ ആരോപിച്ചു. ബിജെപി ഇഡിയെയും സിബിഐയെയും തങ്ങളുടെ സ്വന്തം ഗുണ്ടകളെപ്പോലെയാണ് ഉപയോഗിക്കുന്നതെന്ന് മുതിർന്ന നേതാവ് മനീഷ് സിസോദിയയും കുറ്റപ്പെടുത്തി.
അതേസമയം, ദീപക് സിംഗ്ലയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ചേർന്ന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽനിന്ന് 150 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനികൾ വഴി ഈ പണം ഹവാല ചാനലുകളിലൂടെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും ഇഡി സംശയിക്കുന്നു. എഎപിയുടെ ഡൽഹി-ഗോവ ഫണ്ട് കൈമാറ്റങ്ങൾ കൈകാര്യം ചെയ്തത് സിംഗ്ലയാണെന്നും കേന്ദ്ര ഏജൻസി ആരോപിക്കുന്നുണ്ട്. അറസ്റ്റ് വിവരമറിഞ്ഞ് സിംഗ്ലയുടെ വസതിക്ക് മുന്നിൽ നിരവധി എഎപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.