02/06/2026
[fontresizer_tawhidurrahmandear_widget]

ബംഗാളിൽ 5 രൂപയ്ക്ക് ചോറും മീനും; 400 കാന്റീനുകൾ ആരംഭിക്കുമെന്ന് സർക്കാർ

 ബംഗാളിൽ 5 രൂപയ്ക്ക് ചോറും മീനും; 400 കാന്റീനുകൾ ആരംഭിക്കുമെന്ന് സർക്കാർ

കൊൽക്കത്ത: ബംഗാളിൽ ജനങ്ങൾക്കായി 5 രൂപ നിരക്കിൽ ചോറും മീനും ലഭിക്കുന്ന 400ഓളം കാന്റീനുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. സർക്കാർ കാന്റീൻ വഴി ആഴ്ചയിൽ രണ്ടുദിവസമാണ് ഈ മീൻ കൂട്ടിയുള്ള ഊണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. ബംഗാളി സംസ്‌കാരത്തിന്റെ ഭാഗമായ പരമ്പരാഗത ഭക്ഷണശീലങ്ങളെ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മുൻപ് ഇതേ വിലയിൽ മുട്ടയും ചോറുമായിരുന്നു ലഭ്യമാക്കിയിരുന്നതെങ്കിൽ, പുതിയ ഭരണകൂടം അത് മാറ്റി മീൻ വിഭവങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഭക്ഷണരീതികളും മീൻ വിഭവങ്ങളും വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചയായി മാറിയിരുന്നു.

നാദിയയിലെ കല്ല്യാണിയിൽ വെച്ച് നടന്ന ഭരണതല അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ പദ്ധതിയുടെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. പാവപ്പെട്ട ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഭക്ഷണ പദ്ധതിക്ക് പുറമെ മറ്റ് ചില പ്രധാന ജനക്ഷേമ പദ്ധതികളും അദ്ദേഹം ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകുന്ന ‘അന്നപൂർണ യോജന’ പദ്ധതി ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിനായുള്ള അപേക്ഷാ ഫോമുകൾ ഉടൻ വിതരണം ചെയ്യാൻ ആരംഭിക്കും. കൂടാതെ സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അനുവദിക്കില്ലെന്ന കടുത്ത നിയന്ത്രണവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൽ നിന്നും വേർപെടുത്തി പ്രത്യേകമായി ഒരു ‘ആയുഷ്’ വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സുതാര്യമായ തൊഴിൽ റിക്രൂട്ട്‌മെന്റ് നയങ്ങൾ കൊണ്ടുവരുമെന്നും, ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: