03/06/2026
[fontresizer_tawhidurrahmandear_widget]

കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്

 കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്

തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും തന്നെ അപമാനിക്കാനാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചായിരുന്നു കേസ്.

എന്നാൽ, കഴിഞ്ഞ മാസമാണ് തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചതായും അതിനുള്ള ചികിത്സ തേടിയതായും നെതന്യാഹു ആദ്യമായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ്, തങ്ങൾ 2024-ൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നുവെന്ന് വാദിച്ച് മാധ്യമപ്രവർത്തകരായ ഉറി മിസ്ഗാവ്, ബെൻ കാസ്പിറ്റ്, നെതന്യാഹു വിമർശകനായ ഗോനെൻ ബെൻ ഇസഹാക്ക് എന്നിവർ കോടതിയെ സമീപിച്ചത്. നെതന്യാഹുവിന്റെ മെഡിക്കൽ സംഘത്തെ വിസ്തരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് ജഡ്ജി മെനാഹെം മിസ്രാഹി നെതന്യാഹുവിനോട് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. നെതന്യാഹുവിന്റെ അർബുദം ആദ്യമായി കണ്ടെത്തിയത് എന്ന് മുതലാണെന്ന വിവരം മെഡിക്കൽ ഫയലിൽ കൃത്യമായി ഉണ്ടായിരിക്കണം. നെതന്യാഹുവിന്റെ മെഡിക്കൽ ടീം തലവൻ ഡോ. സിവി ബെർകോവിച്ച് ഒപ്പിട്ട കത്ത് റിപ്പോർട്ടിനൊപ്പം സമർപ്പിക്കണം. ഇത് നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിവരിക്കുന്നതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തണം.

മെയ് 13-നകം മെഡിക്കൽ രേഖകൾ കോടതിയിൽ ഹാജരാക്കണം. സമർപ്പിക്കപ്പെടുന്ന രേഖകൾ മുദ്രവെച്ച കവറിലായിരിക്കണം. ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹു കേസിൽ നേരിട്ട് മൊഴി നൽകിയ ശേഷം മാത്രമേ അദ്ദേഹത്തിന്റെ ഡോക്ടർമാരായ സിവി ബെർകോവിച്ചിനെയും പ്രൊഫ. ആരോൺ പോപോവ്സറെയും വിസ്തരിക്കണോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കൂ.

Also read: