‘താനല്ല, ഇസ്രയേലിന്റെ മുഖം’-നെതന്യാഹു ഭരണകൂടത്തിൽ പൊട്ടിത്തെറി; സുരക്ഷാ മന്ത്രിക്കെതിരെ വിദേശകാര്യ മന്ത്രി
തെൽ അവീവ്: ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇറ്റാമർ ബെൻ-ഗ്വീറിനെതിരെ പരസ്യ വിമർശനവുമായി വിദേശകാര്യമന്ത്രി ഗിഡിയൻ സാർ. കസ്റ്റഡിയിലെടുത്ത അന്താരാഷ്ട്ര ഫലസ്തീൻ അനുകൂല സാമൂഹിക പ്രവർത്തകരെ ഇസ്രയേൽ സുരക്ഷാ ജീവനക്കാർ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയാണു നടപടി. ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാമന്ത്രിയും ആക്ടിവിസ്റ്റുകളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബെൻ-ഗ്വീറിന്റെ നടപടി അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചതായി ഗിഡിയൻ സാർ വിമർശിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഏറെ വിവാദം സൃഷ്ടിച്ച 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇറ്റാമർ ബെൻ-ഗ്വീർ തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചത്. ‘ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ നമ്മൾ സ്വീകരിക്കുന്നത് ഇങ്ങനെയാണ്, ഇസ്രയേലിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു തുറമുഖത്തോ പ്രോസസിങ് കേന്ദ്രത്തിലോ വെച്ച് വിദേശ പൗരന്മാരായ ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സുരക്ഷാസേന നിലത്തുകിടത്തി കൈകൾ പിന്നിലേക്ക് കെട്ടി ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗസ്സ ലക്ഷ്യമാക്കി നീങ്ങിയ സഹായക്കപ്പലിലെ പ്രവർത്തകരാണ് ഇവർ.
വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബെൻ-ഗ്വീറിനെ തള്ളിക്കൊണ്ട് വിദേശകാര്യമന്ത്രി ഗിഡിയൻ സാർ രംഗത്തെത്തിയത്. ‘ഈ അപമാനകരമായ പ്രകടനത്തിലൂടെ നിങ്ങൾ ബോധപൂർവം നമ്മുടെ രാജ്യത്തിന് ദോഷം വരുത്തിവെച്ചിരിക്കുകയാണ്. ഇത് ആദ്യത്തെ തവണയല്ല. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സൈനികർ മുതൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വരെയുള്ള നിരവധി ആളുകൾ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത പ്രൊഫഷണൽ വിജയങ്ങളെയും ശ്രമങ്ങളെയുമാണ് നിങ്ങൾ തകിടം മറിച്ചത്. ഓർക്കുക, താങ്കളല്ല ഇസ്രയേലിന്റെ മുഖം,’ ഗിഡിയൻ സാർ കുറിച്ചു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യസർക്കാരിലെ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ ഭിന്നതകളും വീണ്ടും തെരുവിൽ പരസ്യമാക്കുന്നതാണ് ഈ സംഭവം. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ഗിഡിയൻ സാറിനെപ്പോലുള്ള മിതവാദികളും, തീവ്ര ദേശീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ബെൻ-ഗ്വീറിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കളും തമ്മിലുള്ള പോര് ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ബെൻ-ഗ്വീറിന്റെ വീഡിയോയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിപക്ഷത്തുനിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും, അദ്ദേഹത്തിന്റെ അനുയായികൾ ഈ നടപടിയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. നയതന്ത്രതലത്തിലുള്ള നാണക്കേട് ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും, സഖ്യകക്ഷി സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാൽ ബെൻ-ഗ്വീറിനെതിരെ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിന് പരിമിതികളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.