14/05/2026
[fontresizer_tawhidurrahmandear_widget]

കാറ്റിൽ പറന്ന് പോകാതിരിക്കാൻ പിടിച്ചുനിന്നു; ഷീറ്റിനൊപ്പം പാറി യുവാവിന് ഗുരുതര പരിക്ക്

 കാറ്റിൽ പറന്ന് പോകാതിരിക്കാൻ പിടിച്ചുനിന്നു; ഷീറ്റിനൊപ്പം പാറി യുവാവിന് ഗുരുതര പരിക്ക്

ലക്‌നൗ: പെട്ടെന്നുണ്ടായ ശക്തമായ മഴയിലും കാറ്റിലും തകര ഷീറ്റിനൊപ്പം ആകാശത്തേക്ക് പറന്നുയർന്ന് യുവാവ്. ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഭമോറ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബമിയാനയിൽ ആണ് ഈ സംഭവം. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീടിന് മുകളിലെ തകര ഷീറ്റുകൾ പറന്നുപോകാതിരിക്കാൻ അവയിൽ പിടിച്ചുനിന്ന യുവാവിനെ അതിശക്തമായ കാറ്റ് ഷീറ്റിനൊപ്പം മുകളിലേക്ക് തൂക്കിയെടുക്കുകയായിരുന്നു. ഏകദേശം പതിനെട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വലിയൊരു തകര ഷീറ്റിൽ തൂങ്ങിക്കിടക്കുന്ന യുവാവ് നിയന്ത്രണമില്ലാതെ ആകാശത്ത് കറങ്ങുന്നതും പിന്നീട് ഉയരത്തിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുന്നതും വ്യക്തമായി കാണാം.

കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ നടന്ന ഈ അപകടത്തിൽ താഴെ വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ കൈകാലുകൾക്ക് ഒടിവുണ്ടായതായാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീടുകൾക്കും തൊഴുത്തുകൾക്കും മുകളിൽ ഉപയോഗിക്കുന്ന ഇത്തരം ഭാരം കുറഞ്ഞ മേൽക്കൂരകൾ ശക്തമായ കാറ്റുള്ള സമയത്ത് എത്രത്തോളം അപകടകാരികളാണെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. മോശം കാലാവസ്ഥയുള്ളപ്പോൾ ഇത്തരം നിർമ്മിതികൾക്ക് അരികിൽ മാറി നിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

Also read: