ഗസ്സയിലെ ആ ഉമ്മ തോറ്റുകൊടുത്തില്ല; മകൻ മരിച്ചെന്ന് ലോകം വിധിയെഴുതിയിട്ടും കാത്തിരുന്നു, ഒടുവിൽ ആ ഫോൺ കോളെത്തി
ഗസ്സ: മകൻ മരിച്ചെന്നുറപ്പിച്ച് മരണാനന്തര ചടങ്ങുകൾ വരെ നടത്തിയ കുടുംബത്തിന് ആശ്വാസമായി അപ്രതീക്ഷിത സന്ദേശം. ഒന്നര വർഷം മുമ്പ് കാണാതായ 25-കാരനായ ഈദ് നായൽ അബൂ ശാർ ഇസ്രയേലിലെ ഓഫർ ജയിലിൽ ജീവനോടെയുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
2024 ഡിസംബറിലാണ് ജോലി തേടിപ്പോയ ഈദിനെ നെത്സാരിം കോറിഡോറിന് സമീപത്ത് വെച്ച് കാണാതാകുന്നത്. പിതാവ് നായൽ അബൂ ശാർ ആശുപത്രികളും മോർച്ചറികളും കയറിയിറങ്ങിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് റെഡ് ക്രോസിനെയും മനുഷ്യാവകാശ സംഘടനകളെയും സമീപിച്ചെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് മന്ത്രാലയം മരണ സർട്ടിഫിക്കറ്റ് നൽകുകയും 10 മാസം മുമ്പ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, മകൻ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഉമ്മ മഹ അബൂ ശാർ. എല്ലാവരും മയ്യത്ത് നമസ്കാരം നടത്താൻ ആവശ്യപ്പെട്ടപ്പോഴും തന്റെ മകൻ മരിച്ചിട്ടില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ഒടുവിൽ ജയിൽ മോചിതനായ ഒരാളിൽ നിന്ന് ലഭിച്ച സൂചനയെത്തുടർന്ന് അഭിഭാഷകൻ നടത്തിയ അന്വേഷണത്തിലാണ് ഈദ് ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
വാർത്തയറിഞ്ഞ കുടുംബം മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിടുമ്പോഴും, ജയിലിലെ പീഡനങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് ഉമ്മ. അവനെ നേരിട്ട് കാണുന്നത് വരെ തന്റെ സന്തോഷം പൂർണമാകില്ലെന്ന് മഹ പറയുന്നു. യുദ്ധത്തിനിടെ കാണാതായ ഏഴായിരത്തോളം ഫലസ്തീനികളുടെ വിവരങ്ങൾ ഇസ്രയേൽ മറച്ചുവെക്കുന്നത് വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഇതിനോടകം വിമർശനമുയർന്നിട്ടുണ്ട്.