‘മുനമ്പം പ്രശ്നം 10 മിനിറ്റിൽ തീർക്കാനാകില്ല; അന്തിമ തീരുമാനം കോടതിയുടേത്, സർക്കാരിന് ഇടപെടാൻ കഴിയില്ല’: ജുഡീഷ്യൽ കമ്മീഷൻ
സി.എൻ. രാമചന്ദ്രൻ നായർ
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ അന്തിമമായ തീരുമാനം പറയേണ്ടത് കോടതിയാണെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് കേവലം സാങ്കേതിക നടപടി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന് നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടെന്നും കോടതി വിധി തന്നെയാണ് അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരത്തിൽ വന്നാൽ പത്തു മിനിറ്റുകൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന രാഷ്ട്രീയക്കാരുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു കമ്മീഷന്റെ പ്രതികരണം. കോടതിയിലുള്ള കേസ് പൂർണ്ണമായി തീരാതെ ഈ വിഷയത്തിൽ പെട്ടെന്ന് ഒരു പരിഹാരം സാധ്യമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഖഫ് പോർട്ടലിൽ ഭൂമി രേഖപ്പെടുത്തിയാലും കോടതി പുറപ്പെടുവിക്കുന്ന വിധിക്കായിരിക്കും നിയമസാധുതയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അധികാരം കിട്ടിയാൽ വെറും 10 മിനിറ്റുകൊണ്ട് പ്രശ്നം തീർക്കുമെന്നായിരുന്നു സതീശൻ മുൻപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അതിന് കഴിയുന്നില്ലെങ്കിൽ, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ട് കൃത്യമായി പരിശോധിച്ച് വേണം സർക്കാർ പരിഹാരത്തിന് ശ്രമിക്കേണ്ടതെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.