ക്വിന്റലിന് വെറും 125 രൂപ; ഉള്ളി റോഡിൽ തള്ളി പ്രതിഷേധിച്ച് കർഷകർ
മുംബൈ: കുത്തനെ വിലയിടിഞ്ഞതിനെ തുടർന്ന് ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച് കർഷകർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ക്വിന്റലിന് 125 മുതൽ 130 വരെയായി താഴ്ന്നതിൽ പ്രതിഷേധിച്ച് ഹൈവേ ഉപരോധിക്കുകയും ചെയ്തു. വിൽപനക്കായി മാർക്കറ്റിലെത്തിച്ച മുഴുവൻ ഉള്ളിയും റോഡിലേക്ക് തള്ളുകയായിരുന്നു. ഇതിനെ തുടർന്ന് ഹൈവേയിൽ അരമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പോലീസും അധികൃതരും കർഷകരുമായി ചർച്ച നടത്തി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.
ഛത്രപതി സംഭാജിനഗർ, നാസിക് തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രധാന ഉള്ളി ഉൽപ്പാദന മേഖലകളിലെ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ ആവർത്തനമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ അമിത വിളവെടുപ്പും മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകളും കാരണം മൊത്തവ്യാപാര വിപണിയിൽ ഉള്ളി വില കർഷകർക്ക് ഒട്ടും താങ്ങാനാകാത്ത വിധം താഴേക്ക് പോവുകയായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന വില ഉൽപാദന ചിലവിനോ അല്ലെങ്കിൽ ഇത് മാർക്കറ്റിൽ എത്തിക്കാനുള്ള വണ്ടി വാടകയ്‌ക്കോ പോലും തികയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചകളിലും ഈ മേഖലകളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ചിലയിടങ്ങളിൽ കർഷകർക്ക് കിലോഗ്രാമിന് വെറും ഒന്നോ രണ്ടോ രൂപ മാത്രമാണ് ലഭിച്ചതെന്ന് പ്രാദേശിക അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ ഉള്ളിക്ക് മിനിമം പിന്തുണ വില പ്രഖ്യാപിക്കുകയോ, കിലോഗ്രാമിന് ഏകദേശം 25 രൂപ നിരക്കിൽ സർക്കാർ നേരിട്ട് സംഭരിക്കുകയോ, അല്ലെങ്കിൽ തങ്ങൾക്കുണ്ടായ ഭീമമായ നഷ്ടം പരിഹരിക്കാൻ പ്രത്യേക ധനസഹായം നൽകുകയോ വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഗംഗാപൂർ ഹൈവേയിൽ നടന്ന ഈ പ്രതിഷേധത്തിനിടയിൽ അധികൃതർ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കൃത്യമായ സംഭരണ സംവിധാനങ്ങളുടെ കുറവ്, പ്രോസസിങ് യൂണിറ്റുകളുടെ അഭാവം, കയറ്റുമതിയിലുള്ള നിയന്ത്രണങ്ങൾ എന്നിവ കാരണം ഉള്ളി വിപണിയിൽ ഇത്തരം വിലയിടിവും കർഷകരുടെ ദുരിതവും പതിവായി മാറിയിരിക്കുകയാണ്.