‘കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത’; ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുമെന്ന സൂചനയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ കരാറും നാവിക ഉപരോധവും നിലനിൽക്കെ യുദ്ധം പുനരാരംഭിക്കുമെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന അർത്ഥം വരുന്ന ‘ഇറ്റ് വാസ് കാം ബിഫോർ ദി സ്‌റ്റോം’ എന്ന അടിക്കുറിപ്പോടെ ട്രംപ് ഒരു ചിത്രം പോസ്റ്റ് ചെയ്തത്.
യുദ്ധക്കപ്പളുമായി പ്രക്ഷുബ്ധമായ കടലിൽ ഒരു യുഎസ് നേവി അഡ്മിറലിനൊപ്പം താൻ നിൽക്കുന്ന രീതിയിലുള്ള എഐ നിർമ്മിത ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തിലെ കപ്പലുകളിൽ ഒന്നിൽ ഇറാന്റെ ദേശീയ പതാകയും കാണാം. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ വൻ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് പാകിസ്താന്റെ മധ്യസ്ഥതയിൽ ആരംഭിച്ച ചർച്ചകൾ ലക്ഷ്യത്തിൽ എത്തിയില്ല. ഈ രാഷ്ട്രീയ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഇരുവിഭാഗവും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പുനരാരംഭിച്ചേക്കാം എന്ന വാർത്തകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പോസ്റ്റ്.
സമാധാന ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഇറാനെതിരെ കടുത്ത സൈനിക നടപടിക്ക് അമേരിക്കയും ഇസ്രയേലും ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ട്രംപ് പങ്കുവെച്ച നിഗൂഢത നിറഞ്ഞ ചിത്രം വരാനിരിക്കുന്ന വലിയ സൈനിക നീക്കത്തിന്റെ മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഏതൊരു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യം തയാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.