01/05/2026
[fontresizer_tawhidurrahmandear_widget]

ഒടുവില്‍ ട്രംപിന് നൊബേല്‍ സമ്മാനം? 2026-ലെ സമാധാന പുരസ്കാര പട്ടികയിൽ ഇടം

 ഒടുവില്‍ ട്രംപിന് നൊബേല്‍ സമ്മാനം? 2026-ലെ സമാധാന പുരസ്കാര പട്ടികയിൽ ഇടം

നോർവെ: 2026-ലെ സമാധാന നൊബേൽ പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ലോകത്തെ വിവിധ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ട്രംപ് നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ ചൂണ്ടിക്കാട്ടി കംബോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് അദ്ദേഹത്തെ ഇക്കുറി പുരസ്കാരത്തിനായി നിർദേശിച്ചത്. എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ച തന്നെക്കാൾ യോഗ്യനായി സമാധാന നൊബേലിന് മറ്റാരുമില്ലെന്ന് കഴിഞ്ഞ വർഷം ട്രംപ് പരസ്യമായി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ തവണ വെനസ്വേലൻ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.

ഇക്കുറി സമാധാന പുരസ്കാരത്തിനായി 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടെ ആകെ 287 നാമനിർദേശങ്ങളാണ് നൊബേൽ കമ്മിറ്റിക്ക് മുന്നിലെത്തിയിട്ടുള്ളത്. ആഗോളതലത്തിൽ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ജേതാവിനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി. സാധാരണഗതിയിൽ നോമിനേഷൻ വിവരങ്ങൾ 50 വർഷത്തേക്ക് അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, നാമനിർദേശം ചെയ്തവർ തന്നെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് ചില പ്രമുഖരുടെ പേരുകൾ ചർച്ചയാകുന്നത്.

പട്ടികയിൽ ട്രംപിനെ കൂടാതെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്‌കി, യുക്രെയ്ൻ ജനത, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ യുഎസ് സെനറ്റർ ലിസ മുർകോവ്സ്കി, മൊൾഡൊവാൻ പ്രസിഡന്റ് മേയ സാൻഡു, യുഎൻ പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ ഒൻപതിനാണ് ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം നടക്കുക. ഡിസംബർ പത്തിന് ഓസ്‌ലോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

Also read: