‘എവിടെ നിന്നാലും ജയിക്കാൻ ജി.സുധാകരൻ കുട്ടിച്ചാത്തനാണോ? കൂടുതൽ പറയിക്കരുത്’: യു.പ്രതിഭ
ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ രംഗത്തെത്തി. താൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തെ പരിഹസിച്ച പ്രതിഭ, അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ എന്താ കുട്ടിച്ചാത്തനാണോ എന്ന് ചോദിച്ചു. ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ അവർ, കായംകുളത്ത് തന്നെ തോൽപിക്കാനായി സുധാകരൻ പലരെയും ഫോണിൽ വിളിച്ചതായും ആരോപിച്ചു.
അതേസമയം, ജി. സുധാകരനെ നിയമസഭയുടെ പ്രോടൈം സ്പീക്കറായി തെരഞ്ഞെടുത്തു. മറ്റ് എംഎൽഎമാർ അദ്ദേഹത്തിന് മുന്നിലാകും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ഇതിനിടെ, തനിക്ക് ആരോടും ശത്രുതയില്ലെന്നും തന്നെപ്പോലൊരു എംഎൽഎ മാത്രമാണ് പിണറായി വിജയനെന്നും വ്യക്തമാക്കി ജി. സുധാകരനും രംഗത്തുവന്നു.
മറുവശത്ത്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും യു. പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു. വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രതിഭ ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയെങ്കിലും നേതൃത്വം അതിന് അനുവാദം നൽകിയിട്ടില്ലെന്നാണ് വിവരം. തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചെന്നുമാണ് പ്രതിഭയുടെ പരാതി. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നു എന്നുമുള്ള വെള്ളാപ്പള്ളിയുടെ മുൻ പ്രസ്താവനയാണ് പ്രതിഭയെ ചൊടിപ്പിച്ചത്. തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം അന്ന് അങ്ങനെ പ്രതികരിച്ചത്.