13/06/2026
[fontresizer_tawhidurrahmandear_widget]

ഇനി വിഡിഎസ് സര്‍ക്കാര്‍; വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 ഇനി വിഡിഎസ് സര്‍ക്കാര്‍; വിഡി സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: വൻ ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ പ്രതിജ്‌ഞയെടുത്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്‌ദുൽ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഇതിൽ കെ. മുരളീധരൻ ഇംഗ്ലിഷിലും ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവവുമാണ് സത്യപ്രതിജ്‌ഞ ചെയ്തത്. മറ്റുള്ളവരെല്ലാം ദൈവനാമത്തിലാണ് അധികാരമേറ്റത്.

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പ്രൗഢഗംഭീരമായ വേദിയിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിക്ക് പുറമെ 20 മന്ത്രിമാർ ഉൾപ്പടെയുള്ള സമ്പൂർണ മന്ത്രിസഭയാണ് ഒരേ വേദിയിൽ സത്യപ്രതിജ്‌ഞ ചെയ്ത് ഭരണം ഏറ്റെടുത്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഓരോരുത്തർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ഏകദേശം 25,000 പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനുള്ള വിപുലമായ സജ്‌ജീകരണങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല. പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്‌ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ എന്നിവർ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്‌ഞാ ചടങ്ങുകൾ പൂർത്തിയായ ശേഷം രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന ചായ സത്ക്കാരത്തിൽ മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരും പങ്കെടുക്കും. ഇതിന് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കും. തുടർന്നാണ് പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരുക.

Also read: