‘വിജയ്‌യുടെ ജയം പ്രവചിച്ചു’; ജോത്സ്യനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച് ടിവികെ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെയും ടി.വി.കെ.യുടെയും വൻ വിജയം പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ചു. സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി (OSD) രാധൻ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. തിരഞ്ഞെടുപ്പ് കാലം മുതൽ വിജയ്‌യുടെ പ്രധാന ആത്മീയ ഉപദേശകരിലൊരാളായിരുന്നു ഇദ്ദേഹം. മെയ് പത്തിന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാധൻ പണ്ഡിറ്റ് നിർദേശിച്ച ശുഭമുഹൂർത്തം അനുസരിച്ചാണ് രാവിലെ പത്ത് മണിയിലേക്ക് മാറ്റിയത്.
നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ രംഗത്തുള്ള രാധൻ പണ്ഡിറ്റ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ-ബിസിനസ് മേഖലകളിലെ പ്രമുഖരുടെ വിശ്വസ്തനാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെയും അടുത്ത അനുയായിയും ഉപദേശകനുമായിരുന്നു അദ്ദേഹം. വിജയ്‌യുടേത് അതിശക്തമായ ‘സുനാമി ജാതക’മാണെന്നും ടി.വി.കെ 140 മുതൽ 170 വരെ സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നും മാസങ്ങൾക്ക് മുൻപേ അദ്ദേഹം പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയെ സന്ദർശിക്കാനെത്തിയ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാരിൽ സുപ്രധാന പദവി നൽകി ഇദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്.