‘ബിജെപി നിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നില്ലല്ലോ? 3000 രൂപ തരുന്നില്ലേ? ഭാരത് മാതാ കീ ജയ് വിളിക്കൂ…’;ക്ഷേമപെൻഷന് അപേക്ഷിക്കാനെത്തിയ മുസ്‌ലിം സ്ത്രീകളോട് ബിജെപി എംഎൽഎ
കൊൽക്കത്ത: ക്ഷേമപെൻഷന് അപേക്ഷിക്കാനെത്തിയ മുസ്‌ലിം സ്ത്രീകളോട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ ആവശ്യപ്പെട്ട് ബിജെപി എംഎൽഎ കൗസ്തവ് ബാഗ്ചി. പടിഞ്ഞാറൻ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ബരാക്പൂർ എംഎൽഎ ആണ് കൗസ്തവ് ബാഗ്ചി. ബംഗാളിൽ പുതുതായി അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ‘അന്നപൂർണ യോജന’ പദ്ധതിലൂടെ അർഹരായ സ്ത്രീകൾക്ക് ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനെത്തിയ മുസ്‌ലിം അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
ഇതിനു പുറമെ അടുത്തുണ്ടായിരുന്ന ഒരു സ്ത്രീ ‘ജയ് ശ്രീറാം’ എന്ന് ആക്രോശിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. ‘നിങ്ങളെ ബിജെപി സർക്കാർ രാജ്യത്ത് നിന്ന് പുറത്താക്കുന്നില്ലല്ലോ? 3000 രൂപ തരുന്നില്ലേ? ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിക്കു, ഇന്ത്യക്കാരെപ്പോലെ ജീവിക്കൂ’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനെ കാണുമ്പോൾ മാത്രമാണ് ഇവർക്ക് ദേശീയത ഉണരുന്നതെന്നും ആക്ഷേപമുണ്ട്.
25 മുതൽ 60 വയസുവരെയുള്ള അർഹരായ സ്ത്രീകൾക്ക് നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന ഈ പദ്ധതിയിൽ അപേക്ഷ നൽകാൻ 90 ദിവസത്തെ കാലാവധിയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. കർശന പരിശോധനകൾക്ക് ശേഷമായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. അപേക്ഷകരോട് എംഎൽഎ കാണിച്ച വിവേചന രീതി ശരിയല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ സർക്കാർ അനുകൂലികൾ ഇത് ദേശീയ ബോധം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വാദിച്ചു. ഈ വിഷയത്തിൽ ഇതുവരെ ആരും പരാതികളുമായി രംഗത്ത് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.