അതിരപ്പിള്ളിയിൽ വനംമന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന; അടിയന്തര നടപടി ഉറപ്പ് നൽകി ഷിബു ബേബി ജോൺ
ചാലക്കുടി: അതിരപ്പിള്ളിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വൈശേരി സ്വദേശി മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലേക്കാണ് ആനയെത്തിയത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെ ചാർപ്പ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ റോഡിൽ നിന്ന് തുരത്തിയത്.
വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും, കാര്യങ്ങൾ പഠിച്ച ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഈ മാസം 30-നാണ് വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മോഹനനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇന്ന് പുലർച്ചെയും മോഹനന്റെ വീടിന് സമീപത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം ആനകൾ ഇറങ്ങിയിട്ടുള്ളതായാണ് വിവരം.