ലബനാനിൽ ആക്രമണം നിർത്താൻ യുഎസ് ആവശ്യപ്പെട്ടിട്ടില്ല, ഇത് നയതന്ത്ര നേട്ടം’; ഇസ്രയേൽ പ്രതിരോധ മന്ത്രി
തെൽ അവീവ് / തെഹ്‌റാൻ: ലബനാനിലെ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് വലിയൊരു നയതന്ത്ര നേട്ടമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. തെക്കൻ ലബനാനിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും അറിയിച്ചു. തെൽ അവീവിൽ നടന്ന പ്രാദേശിക നേതാക്കളുടെ കൺവെൻഷനിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലും അവരുടെ അധിനിവേശ പ്രോക്സിയും നിലനിൽക്കുന്നിടത്തോളം കാലം മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഘായ് പ്രതികരിച്ചു. ഇറാഖ് ആസ്ഥാനമായുള്ള സായുധ ഗ്രൂപ്പുകളെയും ഹിസ്ബുല്ലയെയും ഹമാസിനെയും അപലപിച്ചുകൊണ്ടുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ പ്രതികരണം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം. ഇറാനുമായുണ്ടായ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച അംഗീകരിച്ച ധാരണയെ അമേരിക്കയുടെ പരാജയപ്രഖ്യാപനമെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.