കാഫിർ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് ഇപ്പോഴും സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ പേജിലാണ് 2024 ഏപ്രിൽ 25-ന് പങ്കുവെച്ച ഈ സ്ക്രീൻഷോട്ട് ഇപ്പോഴുമുള്ളത്. “എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്പോകുന്നത്…” എന്ന അടിക്കുറിപ്പോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം, നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) അന്വേഷണത്തിലൂടെ കേസിലെ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് ഇതിൽ ഇരയാക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം പ്രതികരിച്ചു. എംഎസ്എഫ് നേതാവായ കാസിമാണ് ഇത് പ്രചരിപ്പിച്ചതെന്നായിരുന്നു ആദ്യ ആരോപണമെങ്കിലും, തന്റെ ഫോൺ പൊലീസിന് കൈമാറിയ കാസിം ആരോപണം നിഷേധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം അനുകൂല സൈബർ പേജുകളിലും ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണന്റെ ഫോണിലുമാണ് സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയത്.
എന്നാൽ, പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ, കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് കേസിൽ പുതിയ SIT അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്ന ഈ കേസിന്റെ മേൽനോട്ടച്ചുമതല കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയ്ക്കാണ്.