17/04/2026
[fontresizer_tawhidurrahmandear_widget]

‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ സന്തോഷിക്കുമെന്ന് ഷാഫി പറമ്പിൽ

 ‘കാഫിറും ഖൗമും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പദങ്ങളായി’; രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫ് പരാജയത്തിൽ സന്തോഷിക്കുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനായുള്ള വികാരം അതിശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു. ഏതെങ്കിലും പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കാൻ പോകുന്നത്. മറിച്ച്, പ്രചാരണത്തിൽ സമുദായ നിറം നൽകാൻ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് മാറും. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ തോൽക്കുന്നവരുടെ പട്ടികയിൽ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ‘കാഫിർ’, ‘ഖൗം’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് പാർട്ടി ഗൗരവമായി വിലയിരുത്തണമെന്ന് ഷാഫി ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തുന്ന അതേ ശൈലിയാണ് കേരളത്തിൽ സിപിഎം ആവർത്തിക്കുന്നത്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം പോലെ കൂട്ടുണ്ടാക്കുന്നതിൽ സിപിഎം കേഡറുകൾക്ക് തന്നെ വലിയ പ്രതിഷേധമുണ്ട്. മുൻപെങ്ങും ഇല്ലാത്ത വിധം പാർട്ടി വോട്ടുകൾ ഇത്തവണ സിപിഎമ്മിന് നഷ്ടപ്പെട്ടു. ന്യൂനപക്ഷ-ഭൂരിപക്ഷ ഏകീകരണത്തിന് അപ്പുറം ജനങ്ങളുടെ ആകെ ഏകീകരണമാണ് യുഡിഎഫിന് അനുകൂലമായി ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ കോൺഗ്രസിൽ അഭിപ്രായം പറയാൻ ആർക്കും തടസമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Also read: