‘നാല് വെള്ളിക്കാശിന് ഒറ്റി, സഹോദരന്റെ രക്തസാക്ഷിത്വത്തിൽ പുതിയ കഥ’; ജി സുധാകരനെതിരെ സിപിഎം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം പാർട്ടി വേദികളിൽ മുതിർന്ന നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. മുതിർന്ന നേതാവ് ജി സുധാകരനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർക്കെതിരെയുമാണ് ജില്ലാ കമ്മിറ്റികളിൽ കടുത്ത ആക്ഷേപങ്ങൾ ഉയർന്നത്.
ജി. സുധാകരൻ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെ കരിവാരിത്തേക്കുകയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. പാർട്ടിയുടെ ചോരയും നീരും ഊറ്റി വളർന്ന് സ്ഥാനമാനങ്ങൾ നേടിയ സുധാകരൻ, നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തെന്നും സഹോദരൻ്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിൽ നല്ലപിള്ള ചമയുകയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി.
അതേസമയം, ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധാർഷ്ട്യവുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും പാർട്ടി പ്രവർത്തകൻ സെൽഫിയെടുക്കാൻ ശ്രമിച്ചതുപോലും അദ്ദേഹം തടഞ്ഞെന്നും വിമർശനമുയർന്നു. മുഷിഞ്ഞ ഷർട്ടിട്ടവരെ മാറ്റിനിർത്തുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സാധാരണക്കാർക്ക് പ്രവേശനമില്ലായിരുന്നു. മന്ത്രിമാരായ എം.ബി രാജേഷും വീണ ജോർജും പൂർണ പരാജയമായിരുന്നെന്നും തിരുവനന്തപുരത്ത് കുറ്റപ്പെടുത്തലുണ്ടായി. കൂടാതെ, വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ചയ്ക്ക് കാരണമായെന്ന് ഇടുക്കി ജില്ലാ കമ്മിറ്റിയിലും വിമർശനമുയർന്നു.
പാർട്ടി കമ്മിറ്റികളിൽ ഉയർന്ന വിമർശനങ്ങൾ ശരിയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സമ്മതിച്ചു. ഭയമില്ലാതെ തുറന്നു വിമർശിക്കാമെന്ന പാർട്ടി നിലപാട് നേതൃത്വത്തിനെതിരെയുള്ള ആയുധമാക്കുകയാണ് നിലവിൽ അണികൾ.