11/05/2026
[fontresizer_tawhidurrahmandear_widget]

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂർ; ഒരക്ഷരം ഉരിയാടാതെ പിണറായി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചോദ്യശരങ്ങൾ

 തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 48 മണിക്കൂർ; ഒരക്ഷരം ഉരിയാടാതെ പിണറായി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചോദ്യശരങ്ങൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 48 മണിക്കൂർ പിന്നിടുമ്പോഴും, കേരളം ഉറ്റുനോക്കുന്ന ആ വാക്കിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പരാജയത്തിന്റെ ആഘാതത്തിൽ ഒരക്ഷരം മിണ്ടാതെ മൗനം തുടരുകയാണ് പിണറായി വിജയൻ. ജനവിധിയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയിട്ടും മൗനമായിരുന്നു ഉത്തരം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും കണ്ണൂരിലെ ഉൾപ്പടെയുള്ള സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. എന്നാൽ, സെക്രട്ടറിയേറ്റ് യോഗത്തിലെ വിമർശനങ്ങളും മിണ്ടാതെ കേട്ടിരിക്കുക മാത്രമായിരുന്നു പിണറായി ചെയ്തത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ചേർന്ന ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വൻ വിമർശനമാണ് ഉയർന്നത്. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് നേതാക്കൾ ഓരോരുത്തരായി വിരൽ ചൂണ്ടി. എന്നിട്ടും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കോ വിമർശനങ്ങൾക്കോ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. സാധാരണഗതിയിൽ പാർട്ടിക്കുള്ളിൽ ഇത്തരം സാഹചര്യങ്ങളിൽ വിശദമായ പ്രതികരണം നടത്തുന്ന മുഖ്യമന്ത്രിയുടെ ഈ രീതി അസാധാരണമാണെന്ന് നേതാക്കൾ വിലയിരുത്തുന്നു.

യോഗത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശൈലിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് പാളിയെന്നും, ജനകീയരായ നേതാക്കളെ തഴഞ്ഞത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും വിമർശനമുയർന്നു. കണ്ണൂരിലെ ഉൾപ്പെടെയുള്ള സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെട്ടില്ല. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ഇടിഞ്ഞത് ഗൗരവകരമാണ്. പരാജയപ്പെട്ടുവെന്ന യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മൂന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.

അതേസമയം, മൗനം തുടരുമ്പോഴും, പിണറായി വിജയൻ തന്നെ നിയമസഭയിൽ പാർട്ടിയെ നയിക്കണമെന്ന ആവശ്യമാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്. സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കുന്നതിനെ പിന്തുണച്ചു. പിണറായി പിൻവാങ്ങുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും, അത് പാർട്ടിയെ കൂടുതൽ തളർത്തുമെന്നും നേതാക്കൾ ഭയപ്പെടുന്നു. അദ്ദേഹത്തിന് താൽപ്പര്യമില്ലെങ്കിൽ മാത്രം മറ്റൊരാളെ പരിഗണിച്ചാൽ മതി എന്നാണ് നിലവിലെ ധാരണ. പ്രതിപക്ഷ ഉപനേതാവായി കെ.എൻ ബാലഗോപാലിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

Also read: