22/07/2026
[fontresizer_tawhidurrahmandear_widget]

‘ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷനായി?’; തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്ന ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് പിഎം നിയാസ്

 ‘ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷനായി?’; തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്ന ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് പിഎം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷാദ്രിനാഥനെ നിയമിക്കുന്നതിൽ ശക്തമായ എതിർപ്പുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി പിഎം നിയാസ് രംഗത്ത്. സംഘപരിവാർ ബന്ധം ആരോപിച്ചതിനു ശേഷം ഒളിക്കാൻ ഒന്നുമില്ലെങ്കിൽ ശേഷാദ്രിനാഥൻ എന്തിനാണ് സോഷ്യൽ മീഡിയയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ കഴിഞ്ഞ മന്ത്രി സഭയിലാണ് നിയമിക്കാൻ തീരുമാനമായത്.

ശേഷാദ്രിനാഥന് കഴിഞ്ഞ 15 വർഷമായി വ്യക്തമായ സംഘ്പരിവാർ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലുകളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും പി.എം നിയാസ് ആവശ്യപ്പെട്ടു. ശേഷാദ്രിനാഥൻ മുൻപ് പങ്കുവെച്ച ബിജെപി അനുകൂല പോസ്റ്റുകളുടെ വിവരങ്ങൾ താൻ ആഭ്യന്തരമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥി കാലഘട്ടത്തിൽ എസ്.എഫ്.ഐ നേതാവായിരുന്ന ശേഷാദ്രിനാഥന്റെ സംഘ്പരിവാർ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും അത് പരിശോധിക്കാൻ തദ്ദേശ വകുപ്പ് മന്ത്രി തയ്യാറായിട്ടില്ലെന്ന് നിയാസ് വിമർശിച്ചു. വിപുലമായ ജുഡീഷ്യൽ അധികാരങ്ങളുള്ളതും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ പൂർണ്ണ നിയന്ത്രണം കൈയാളുന്നതുമായ ഈ സുപ്രധാന പദവിയിൽ തികച്ചും നിഷ്പക്ഷനായ ഒരാളെ മാത്രമേ നിയമിക്കാവൂ എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും രാഷ്ട്രീയ പശ്ചാത്തലമല്ല, മറിച്ച് അദ്ദേഹത്തിന്റെ പ്രൊഫഷണൽ യോഗ്യതയാണ് പരിഗണിച്ചതെന്നും തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയ പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് തന്റെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നിയമനം താൽക്കാലികമായി സർക്കാർ നീട്ടിവെച്ചിരിക്കുകയാണെന്നാണ് വിവരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also read: