21/07/2026
[fontresizer_tawhidurrahmandear_widget]

യുഎസ് താരത്തിന് ചുവപ്പ് കാര്‍ഡ്; ഫിഫ പ്രസിഡന്‍റിനെ വിളിച്ച് ഒത്തുതീര്‍പ്പാക്കി ട്രംപ്, അതൃപ്തി പരസ്യമാക്കി ബെൽജിയം

 യുഎസ് താരത്തിന് ചുവപ്പ് കാര്‍ഡ്; ഫിഫ പ്രസിഡന്‍റിനെ വിളിച്ച് ഒത്തുതീര്‍പ്പാക്കി ട്രംപ്, അതൃപ്തി പരസ്യമാക്കി ബെൽജിയം

വാഷിങ്ടൺ: ചുവപ്പ് കാർഡ് ലഭിച്ച യു.എസ് സ്ട്രൈക്കർ ഫോളറിൻ ബലോഗണിന് പ്രീ-ക്വാർട്ടർ മത്സരത്തിൽ കളിക്കാൻ ഫിഫയുടെ അനുമതി. നോക്കൗട്ട് മത്സരത്തിൽ ബോസ്നിയൻ പ്രതിരോധ താരത്തെ ഫൗൾ ചെയ്തതിനാണ് ബലോഗണിന് നേരിട്ട് ചുവപ്പു കാർഡ് ലഭിച്ചിരുന്നത്. എന്നാൽ ഫിഫയുടെ അടിയന്തര ഇടപെടലോടെ താരത്തിന് പ്രീ-ക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ കളിക്കാനാകും. ഫിഫ അച്ചടക്ക സമിതിയാണ് ബലോഗണിന്റെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിച്ചത്. ഫിഫയുടെ ഈ അസാധാരണ തീരുമാനത്തിന് പിന്നിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ ഇടപെടലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധം ഈ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന. യു.എസ് സ്ട്രൈക്കറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു തവണ ട്രംപ് ഫിഫ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടതായി ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസിൽ നിന്ന് ഫിഫ പ്രസിഡന്റിനെ നേരിട്ട് ബന്ധപ്പെട്ടതായി പ്രമുഖ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസും (AP) റിപ്പോർട്ട് ചെയ്തു. അനുകൂല തീരുമാനം വന്നതിന് പിന്നാലെ ട്രംപ് ഫിഫയ്ക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ശരിയായ തീരുമാനത്തിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്നാണ് ട്രംപ് കുറിച്ചത്.

ഫിഫയുടെ അച്ചടക്ക ചട്ടത്തിലെ ആർട്ടിക്കിൾ 27 പ്രകാരമാണ് ഈ നടപടി. ഒത്തുകളിയുമായി ബന്ധപ്പെട്ടതല്ലാത്ത അച്ചടക്കലംഘനമാണെങ്കിൽ ചുവപ്പ് കാർഡ് റദ്ദാക്കാൻ ഈ ചട്ടം ഫിഫയ്ക്ക് അനുമതി നൽകുന്നുണ്ട്. അതേസമയം, ഒരു വർഷത്തേക്ക് ബലോഗൺ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നും ഫിഫ വ്യക്തമാക്കി. ഈ കാലയളവിൽ സമാനമായ അച്ചടക്ക ലംഘനം നടത്തിയാൽ താരത്തിന് വീണ്ടും മത്സര വിലക്ക് വരും. മുൻപ് ചുവപ്പ് കാർഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാൻ അനുവദിച്ചതും ഇതേ നിയമം പ്രയോഗിച്ചായിരുന്നു.

എന്നാൽ ഫിഫയുടെ ഈ തീരുമാനത്തിൽ റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ കടുത്ത ഞെട്ടൽ രേഖപ്പെടുത്തി. സാധാരണയായി ചുവപ്പ് കാർഡ് ലഭിച്ചാൽ ഓട്ടോമാറ്റിക്കായി അടുത്ത ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരാറുണ്ട്. ഇതിന് പൂർണ്ണമായും വിരുദ്ധമാണ് സസ്പെൻഷൻ റദ്ദാക്കിയ നടപടിയെന്ന് ബെൽജിയം അസോസിയേഷൻ കുറ്റപ്പെടുത്തി. വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

ബെൽജിയത്തിന് എതിരെ നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ യു.എസ് നിരയുടെ പ്രധാന തുറപ്പുചീട്ടാണ് മുൻ ആഴ്സണൽ താരമായ ബലോഗൺ. ടൂർണമെന്റിലെ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ താരം നേടിയിട്ടുണ്ട്. ബെൽജിയത്തെ മറികടക്കാനായാൽ 2002-ന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ യു.എസ് ടീമിനാകും. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 5.30-നാണ് യു.എസ് – ബെൽജിയം ആവേശപ്പോരാട്ടം.

Also read: