ഇരട്ടഗോളുമായി കെറ്റെലെയർ; യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബെല്‍ജിയം
ലണ്ടൻ: ലോകകപ്പ് നോക്കൗട്ടിലെ ആവേശപ്പോരാട്ടത്തിൽ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. ചാൾസ് ഡി കെറ്റലെയറിന്റെ ഇരട്ട ഗോളുകളും വനാകെയ്ൻ, പകരക്കാരനായെത്തിയ സൂപ്പർ താരം റൊമേലു ലുക്കാകു എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിന് ആധികാരിക വിജയം സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.
ആവേശകരമായ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ബെൽജിയം അക്കൗണ്ട് തുറന്നു. നിക്കൊളാസ് റാസ്കിൻ നൽകിയ മനോഹരമായ പാസ് വലയിലെത്തിച്ച് ചാൾസ് ഡി കെറ്റലെയർ ആണ് ബെൽജിയത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. ഒരു ഗോൾ വഴങ്ങിയതോടെ ഒത്തിണക്കോടെയുള്ള ആക്രമണം പുറത്തെടുത്ത യു.എസ്.എ മത്സരത്തിന്റെ 30-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. എന്നാൽ യു.എസിന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. സമനില ഗോൾ വീണ് കൃത്യം മൂന്നാം മിനിറ്റിൽ (33-ാം മിനിറ്റ്) ട്രൊസാർഡിന്റെ ക്രോസിൽ നിന്ന് കെറ്റലെയർ വീണ്ടും ലക്ഷ്യം കണ്ടതോടെ ബെൽജിയം 2-1ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ബെൽജിയം ആക്രമണം തുടരുന്നതിനിടെ യു.എസ് പ്രതിരോധത്തിന് വലിയൊരു പിഴവ് പറ്റി. കളിയുടെ 57-ാം മിനിറ്റിൽ യു.എസ്.എ ഗോളി മാറ്റ് ഫ്രീസ് പെനൽറ്റി ബോക്സിന് പുറത്തേക്ക് വന്ന് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പാളിപ്പോയി. ഈ അവസരം മുതലെടുത്ത വനാകെയ്ൻ പന്ത് പിടിച്ചെടുത്ത് കാലിയായ ഗോൾവലയിലേക്ക് തൊടുത്ത് ബെൽജിയത്തിന്റെ ലീഡ് 3-1 ആയി ഉയർത്തി. തുടർന്ന് മത്സരത്തിന്റെ അധികസമയത്ത് (ഇഞ്ചുറി ടൈം) പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാകുവും ഗോൾ നേടിയതോടെ ബെൽജിയൻ ആധിപത്യം പൂർണ്ണമായി.
ലോകകപ്പ് ചരിത്രത്തിൽ 1930-ലെ ആദ്യ പതിപ്പിൽ മാത്രമാണ് ബെൽജിയത്തെ തോൽപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുള്ളത്. പിന്നീടിങ്ങോട്ടുള്ള ചരിത്രത്തിലെല്ലാം വിജയം ബെൽജിയത്തിനൊപ്പമായിരുന്നു. 2014-ലെ ലോകകപ്പ് പ്രീ-ക്വാർട്ടറിലും എക്സ്ട്രാ ടൈമിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയം യു.എസ്.എയെ പരാജയപ്പെടുത്തിയിരുന്നു. ആ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടു.