21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇത് കൊള്ളയടിക്കൽ, ഫുട്ബോൾ സംഘടനയ്ക്ക് തന്നെ നാണക്കേട്’; അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച് ഹോസെ മൊറിന്യോ

 ‘ഇത് കൊള്ളയടിക്കൽ, ഫുട്ബോൾ സംഘടനയ്ക്ക് തന്നെ നാണക്കേട്’; അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച് ഹോസെ മൊറിന്യോ

ഹോസെ മൊറിന്യോ

റബാത്ത്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ ഈജിപ്ത് 3-2 ന് പരാജയപ്പെട്ടതിലെ റഫറിയിങ് പിഴവുകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത ഫുട്ബോൾ പരിശീലകനും റയൽ മാഡ്രിഡ് മാനേജറുമായ ഹോസെ മൊറിന്യോ രംഗത്ത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കളി നിയന്ത്രിച്ച റഫറിയുടെ തീരുമാനങ്ങളിലുള്ള തന്റെ ശക്തമായ അമർഷം അദ്ദേഹം വെളിപ്പെടുത്തി.

“ഇത് പരസ്യമായ കൊള്ളയടിക്കലാണ്, ഫുട്ബോൾ ഭരിക്കുന്ന സംഘടനയ്ക്ക് തന്നെ ഇതൊരു നാണക്കേടാണ്. അർജന്റീനയുമായി ബന്ധപ്പെട്ട ഒരു സംഭവം വാറിലൂടെ (VAR) പരിശോധിച്ചപ്പോൾ, ഈജിപ്തിനോട് എന്തുകൊണ്ടാണ് ആ നീതി കാണിക്കാതിരുന്നത്?” ഹോസെ മൊറിന്യോ ചോദിച്ചു.

ഡിഫൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾ തകർന്നത്. 83-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന സമനില പിടിക്കുകയും, തുടർന്ന് ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടുകയുമായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റഫറിയെടുത്ത വിവാദപരമായ തീരുമാനങ്ങളാണ് കളിക്ക് മേൽ നിഴൽ വീഴ്ത്തിയത്.

മൊസ്‌തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ ഒരു ഗോൾ വാർ (VAR) പരിശോധനയ്ക്ക് ശേഷം റദ്ദാക്കിയിരുന്നു. ഇതിന് പുറമെ ഫൗളുകൾക്കും പെനാൽറ്റിക്കുമായി ഈജിപ്ത് താരങ്ങൾ ഉന്നയിച്ച പല ആവശ്യങ്ങളും റഫറി തള്ളിക്കളഞ്ഞു. ഈജിപ്തിന്റെ നാല് കളിക്കാർക്കും മുഖ്യ പരിശീലകനായ ഹൊസാം ഹസ്സനും റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു.

മത്സരത്തിനിടയിൽ ഈജിപ്ഷ്യൻ പരിശീലകൻ ഹൊസാം ഹസ്സൻ തന്റെ കൈകൾ ‘X’ ആകൃതിയിൽ ക്രോസ്സ് ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഫിഫയുടെ നിയമപ്രകാരം വംശീയ അധിക്ഷേപങ്ങൾക്കെതിരെ റിപ്പോർട്ട് ചെയ്യാനും കളി നിർത്തിവെക്കാനുമുള്ള ഔദ്യോഗിക അടയാളമാണിത്. എന്നാൽ, ഈ ആംഗ്യം കാണിച്ചിട്ടും കളി നിർത്താതെ ഫൈനൽ വിസിൽ വരെ തുടരുകയായിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്.

നിർണ്ണായകമായ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് കാണിച്ച് നിരവധി ഈജിപ്ഷ്യൻ ഫുട്ബോൾ ആരാധകരും പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹോസെ മൊറിന്യോയെപ്പോലൊരു പ്രമുഖ പരിശീലകനും റഫറിയിങ്ങിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.

Also read: