20/07/2026
[fontresizer_tawhidurrahmandear_widget]

വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി | S Janaki

 വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി | S Janaki

S Janaki

ചെന്നൈ: ഇതിഹാസ പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു(S Janaki). വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലർച്ചെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ ഒന്നിലധികം തവണ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജാനകിയുടെ കൊച്ചുമകൾ അപ്സര വൈദ്യുല ഇൻസ്റ്റഗ്രാമിലൂടെയാണ് വേർപാട് വിവരം ലോകത്തെ അറിയിച്ചത്.

ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സമാനതകളില്ലാത്ത സംഗീത സപര്യയാണ് എസ്. ജാനകിയുടേത്. 1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ജാനകി, യാതൊരുവിധ ഔദ്യോഗിക സംഗീതപഠനവും കൂടാതെയാണ് തന്റെ ജന്മസിദ്ധമായ കഴിവുകൊണ്ട് സംഗീത സാമ്രാജ്യം കീഴടക്കിയത്. 1957-ൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അവർ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള 17-ലധികം ഇന്ത്യൻ-വിദേശ ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾ ആലപിച്ചു.

ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും വേണ്ടി ശബ്ദം പരുവപ്പെടുത്താനുള്ള അവരുടെ അസാധാരണ കഴിവ് അവരെ സംഗീത സംവിധായകരുടെ പ്രിയങ്കരിയാക്കി. കെ.ജെ യേശുദാസിനൊപ്പമുള്ള മലയാളം ഡ്യുയറ്റുകളും, അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യവുമൊത്തുള്ള തമിഴ്-തെലുങ്ക് ഗാനങ്ങളും ദക്ഷിണേന്ത്യൻ സിനിമയുടെ നിത്യഹരിത വിസ്മയങ്ങളാണ്.

നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 14 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഉൾപ്പെടെ മുപ്പതിലധികം സംസ്ഥാന അവാർഡുകൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. 2013-ൽ കേന്ദ്ര സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും അർഹിച്ച സമയത്ത് ലഭിക്കാത്ത അംഗീകാരങ്ങളെക്കാൾ തനിക്ക് വലുത് ജനങ്ങളുടെ സ്നേഹമാണെന്ന് പ്രഖ്യാപിച്ച് ആ പുരസ്കാരം അവർ നിരസിച്ചിരുന്നു. 2016-ൽ പുറത്തിറങ്ങിയ ’10 കൽപ്പനകൾ’ എന്ന മലയാള ചിത്രത്തിലെ “അമ്മപ്പൂവിനും…” എന്ന താരാട്ടുപാട്ടാണ് ജാനകി അവസാനമായി പാടിയ സിനിമ ഗാനം.

Also read: