21/07/2026
[fontresizer_tawhidurrahmandear_widget]

ഓപ്പറേഷൻ തൂഫാന്റെ പേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ കാർ റേസ്; തടയാൻ ചെന്ന പോലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

 ഓപ്പറേഷൻ തൂഫാന്റെ പേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ കാർ റേസ്; തടയാൻ ചെന്ന പോലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ പ്രചാരണമെന്ന പേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ കാർ റേസിങ് നടത്തിയ സംഘത്തെ തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് സംഭവം. റേസിങ് നടത്തിയ 6 കാറുകൾ ബേക്കൽ പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം അരങ്ങേറിയത്. സ്‌കൂൾ വിട്ട് കുട്ടികൾ മടങ്ങുന്ന സമയത്താണ് ഗ്രൗണ്ടിൽ അപകടകരമായി റേസിങ് നടത്തിയത്. റേസിങ് അവസാനിപ്പിച്ച് വാഹനങ്ങൾ പുറത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഘർഷമുണ്ടായത്. റേസിങ് കാർ തടഞ്ഞ് ഡ്രൈവറോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അസഭ്യം വിളിക്കുകയും എസ്‌ഐയെ കോളറിൽ പിടിച്ച് തള്ളുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

ഗ്രൗണ്ടിൽ വൻതോതിൽ ആളുകൾ തടിച്ചുകൂടുകയും അപകടസാധ്യത ഉയരുകയും ചെയ്തതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം റേസിങ് തടയാൻ ശ്രമിച്ചു. എന്നാൽ പോലീസിന്റെ നിർദേശങ്ങൾ വകവയ്ക്കാൻ കൂട്ടാക്കാതിരുന്ന സംഘം ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ കൂടുതൽ പോലീസ് സംഘമെത്തി പ്രതികളെയും ഇവർ ഉപയോഗിച്ച ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷിജാസ് (26), പി. അബ്ദുൽ ഖാദർ (23), ഇസ്തിയാഖ് മഹ്മൂദ് (25), മുഹമ്മദ് ഖൈസ് (26), സി.വി തസ്‌ലീം (29) എന്നിവരെയാണ് പിടികൂടിയത്. രാത്രിയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Also read: